Skip to main content

കേരളീയം 2023; ആമുഖ വീഡിയോയും പ്രസന്റേഷനും പ്രദര്‍ശിപ്പിച്ചു

 

നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം 2023 പരിപാടിയുമായി ബന്ധപ്പെട്ട ആമുഖ വീഡിയോയും പ്രസന്റേഷനും ജില്ലാ വികസന സമിതിയോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.

കേരളത്തിന്റെ വികസന നേട്ടങ്ങളും സാംസ്‌കാരിക പാരമ്പര്യവും ലോകത്തിന് മുമ്പില്‍ വിളിച്ചോതുന്ന കേരളീയം പരിപാടിയുടെ സമഗ്ര ചിത്രം വെളിവാക്കുന്നതായിരുന്നു പ്രദര്‍ശനം. പരിപാടിയുമായി ബന്ധപ്പെട്ട നാല് വീഡിയോകളാണ് വേദിയില്‍ പ്രദര്‍ശിപ്പിച്ചത്. 

തിരുവന്തപുരത്ത് നാല്‍പതികലധികം വേദികളിലായാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയമാണ് മുഖ്യവേദി. അയ്യായിരം പേര്‍ക്ക് ഇരിപ്പിടമൊരുക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന, സമാപനചടങ്ങുകളും പ്രധാനപ്പെട്ട സാംസ്‌കാരിക പരിപാടികളും. 

ടാഗോര്‍ തിയറ്റര്‍, പുത്തരിക്കണ്ടം മൈതാനം, കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയം, നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാള്‍, യൂണിവേഴ്‌സിറ്റി കോളേജ്, അയ്യങ്കാളി ഹാള്‍, എല്‍.എം.എസ്. കോമ്പൗണ്ട്, മാനവീയം വീഥി, മ്യൂസിയം, മാസ്‌കറ്റ് ഹോട്ടല്‍, ജിമ്മി ജോര്‍ജ് സ്റ്റേഡിയം, സെനറ്റ് ഹാള്‍, ജവഹര്‍ ബാലഭവന്‍ എന്നിവയാണ് മറ്റു പ്രധാന വേദികള്‍. ഇവിടങ്ങളിലാവും സെമിനാറുകളും എക്സിബിഷനും സാംസ്‌കാരിക പരിപാടികളും വ്യവസായ വാണിജ്യ മേളകളും പുഷ്പമേളയും ഭക്ഷ്യ മേളയും മുഖ്യമായി നടക്കുക.

ടാഗോറിലെ ആംഫി തിയറ്റര്‍, കനകക്കുന്നിലെ സൂര്യകാന്തി, മ്യൂസിയം, യൂണിവേഴ്സിറ്റി കോളജിലെ ഓപ്പണ്‍ സ്റ്റേജ്, ജവഹര്‍ ബാലഭവന്‍ , വിവേകാനന്ദ പാര്‍ക്ക്, കെല്‍ട്രോണ്‍ കോംപ്ലക്സ് , പഞ്ചായത്ത് അസോസിയേഷന്‍ ഓഡിറ്റോറിയം, ക്യാപ്റ്റന്‍ ലക്ഷ്മി പാര്‍ക്ക്, സത്യന്‍ സ്മാരക ഹാള്‍, ഫൈന്‍ ആര്‍ട്ട്സ് കോളജ്, എസ്.എം.വി. സ്‌കൂള്‍ ഓപ്പണ്‍ സ്പേസ്, ഗാന്ധി പാര്‍ക്ക്, തൈക്കാട് മൈതാനം, ഭാരത് ഭവന്‍ മണ്ണരങ്ങ് , (ഓപ്പണ്‍ എയര്‍ തിയറ്റര്‍) എന്നിവിടങ്ങളിലാണ് ചെറു വേദികള്‍ ഒരുക്കുന്നത്. വ്യാപാര വില്‍പന പ്രദര്‍ശന മേളയുടെ ചില പ്രദര്‍ശനങ്ങള്‍ വെള്ളയമ്പലം ലിറ്റില്‍ ഫ്ളവര്‍ പാരിഷ് ഹാള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്സ് ഹാള്‍ എന്നിവിടങ്ങളിലെ വേദികളിലും നടക്കും.

കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നിവിടങ്ങളിലായിരിക്കും ചലച്ചിത്രോത്സവം. നിയമസഭാ മന്ദിരത്തിലെ ഹാളില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും. മാനവീയം വീഥി, കനകക്കുന്ന്, രക്തസാക്ഷി മണ്ഡപം, പബ്ലിക് ലൈബ്രറി, കന്നിമാറ മാര്‍ക്കറ്റ് , സെനറ്റ് ഹാള്‍, എ. ജി ഓഫീസ് കോര്‍ണര്‍, ആയുര്‍വേദ കോളജ്, എസ്.എം.വി. സ്‌കൂള്‍ , സ്റ്റാച്യൂ , നിയമസഭ, എല്‍ എം.എസ്. ഗ്രൗണ്ട് എന്നിവിടങ്ങള്‍ തെരുവ്/ തല്‍സമയ വേദികളായി തെരുവു നാടകം / മാജിക് പോലെയുള്ളവ അരങ്ങേറും.

date