Skip to main content

തോട്ടവിള മേഖലയെ സംബന്ധിച്ച പ്രാദേശിക അവലോകന ശില്‍പശാല കൊച്ചിയില്‍

 

കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം, നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് നവംബര്‍ 2, 3 തീയതികളില്‍ നെടുമ്പാശ്ശേരിയിലെ മാരിയറ്റ് ഹോട്ടലില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയെ സംബന്ധിച്ച ദ്വിദിന പ്രാദേശിക ശില്‍പശാല സംഘടിപ്പിക്കുന്നു.

നാളികേര വികസന ബോര്‍ഡ് സിഇഒ ഡോ. പ്രഭാത് കുമാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ്, സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. കെ. ബി. ഹെബ്ബാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയം, എംഐഡിഎച്ച്,  ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ചന്‍ ദാസ് ശില്‍പശാല നവംബര്‍ 2ന് രാവിലെ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ഐസിഎആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സെന്റേഴ്സ് ഓഫ് എക്സലന്‍സ്, ദക്ഷിണ മേഖലയില്‍ സ്ഥാപിതമായ ഹോര്‍ട്ടികള്‍ച്ചര്‍ ക്ലസ്റ്ററുകള്‍, കേന്ദ്ര ഏജന്‍സികള്‍ തുടങ്ങി ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ശില്‍പശാലയിലൂടെ ലക്ഷ്യമാക്കുന്നത്.

കൃഷി മന്ത്രാലയം, ഇന്ത്യാ ഗവണ്‍മെന്റ്, ദക്ഷിണേന്ത്യയിലെ ഐസിഎആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് (എംഐഡിഎച്ച്) ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ, ദക്ഷിണേന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നിന്നുള്ള 100 പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുക്കും. 

ശില്‍പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളിലെയും ഐസിഎആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംവദിക്കാന്‍ അവസരമുണ്ടാകും. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ പ്രശ്നങ്ങളുടെ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക, നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുക, തെക്കന്‍ മേഖലയിലെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ പുരോഗതിക്ക് ഊന്നല്‍ നല്‍കുക തുടങ്ങിയവയാണ് ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നത്.

date