Skip to main content

വനിതാ കരാര്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍: വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് ഇന്ന് (നവംബര്‍ 2) എറണാകുളത്ത്

 

കേരളത്തിലെ കരാര്‍ ജീവനക്കാരായ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് ഇന്ന് (നവംബര്‍ 2) രാവിലെ 10 മുതല്‍ എറണാകുളം ഗവ ഗസ്റ്റ്ഹൗസ് ബാങ്ക്വറ്റ് ഹാളില്‍ നടക്കും. കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും. കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ വിശിഷ്ടാതിഥിയാകും.
    കരാര്‍ ജീവനക്കാരായ വനിതകളുടെ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ച കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ദീപ കെ രാജന്‍ നയിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ പങ്കെടുക്കും. 
    വിവിധ മേഖലകളിലുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവരില്‍നിന്നു നേരിട്ടു മനസിലാക്കുന്നതിനായി ഇതുള്‍പ്പെടെ 11 പബ്ലിക് ഹിയറിംഗുകള്‍ നടത്തുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു. വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ വനിതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതോടൊപ്പം പ്രശ്‌ന പരിഹാരങ്ങള്‍ക്കുള്ള നിയമാവബോധം നല്‍കുകയും ഹിയറിംഗില്‍ ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ശിപാര്‍ശകള്‍ നല്‍കുകയും ചെയ്യുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.

date