Skip to main content

ഭാഷാ പ്രയോഗത്തിൽ കടുംപിടുത്തം വേണ്ട: രാം മോഹ൯ പാലിയത്ത്

 

ഭാഷ പ്രയോഗിക്കുന്നതിൽ അനാവശ്യമായ കടുംപിടുത്തങ്ങൾ ഒഴിവാക്കണമെന്ന് കോളമിസ്റ്റും സാഹിത്യകാരനുമായ രാം മോഹ൯ പാലിയത്ത്. കളക്ടറേറ്റിൽ ജില്ലാ തല മലയാള ദിനാചരണത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയ്ക്ക് വൈവിധ്യങ്ങളുണ്ടെന്നും പ്രാദേശികമായ പ്രയോഗങ്ങളെ ഉൾക്കൊള്ളണമെന്നും രാം മോഹ൯ പറഞ്ഞു.

തമിഴ് നാട്ടുകാരനായ ജില്ലാ കളക്ടർ എ൯.എസ്.കെ ഉമേഷിൽ നിന്നും മലയാളത്തെ കുറിച്ച് നല്ലത് കേൾക്കാനായതും ഭാഷാ പ്രതിജ്ഞ ഏറ്റു ചൊല്ലാനായതും സന്തോഷകരമാണ്. തമിഴ് ബ്രാഹ്മണനായ മഹാകവി ഉള്ളൂർ.എസ്. പരമേശ്വരയ്യർ, ഉമാകേരളം എന്ന മഹാകാവ്യത്തിൽ 'അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ- മടിമുതൽ മുടിയോളം നിന്നിലാകട്ടെ തായേ!’ എന്നാണ് മലയാള നാടിനെക്കുറിച്ചെഴുതിയത്. കേരളത്തിൽ തന്നെ ഇനിയും ജനിക്കാനാണ് ഉള്ളൂർ ആഗ്രഹിച്ചത്. 

കേരളത്തെ മലയാളികളുടെ മാതൃഭൂമിയെന്ന് വിശേഷിപ്പിക്കാ൯ കഴിയില്ല. കേരളീയരുടെ നാട് എന്ന് തിരുത്തേണ്ടിവരും. കേരളം കുടിയേറ്റത്തിന്റെ നാടുകൂടിയാണ്. ലോകത്തിന്റെ പരിഛേദമാണ് കൊച്ചി. മറ്റ് ഭാഷകളിൽ നിന്ന്  കൊണ്ടും കൊടുത്തും വളർന്ന ഭാഷയാണ് മലയാളം. നിരവധി കൂട്ടിച്ചേർക്കലുകളും ഉൾക്കൊള്ളലുകളും മലയാളത്തിൽ സംഭവിച്ചിട്ടുണ്ട്. നിരവധി സാമ്രാജ്യത്വശക്തികൾ നാടിനെ മാറിമാറി ഭരിച്ചിട്ടും പ്രാദേശിക ഭാഷകൾ നശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേവലം 26 അക്ഷരമുള്ള ഇംഗ്ലീഷ് ഭാഷയ്ക്ക് 10 ലക്ഷത്തിൽ പരം വാക്കുകൾ സ്വന്തമായുണ്ട്. എന്നാൽ 51 അക്ഷരങ്ങളും അതിനുപുറമെ കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളുമുള്ള മലയാളത്തിൽ വാക്കുകൾ പരിമിതമാണ്.  ഉള്ള പദ സമ്പത്ത് കാര്യമായി ഉപയോഗിക്കുന്നുമില്ല. മലയാളി പുതുതായി സൃഷ്ടിച്ച ശുചിമുറി, ബോറടി, നീര എന്നീ വാക്കുകൾ സാമാന്യം നിലവാരം പുലർത്തുന്നു. കോമഡി, ട്രാജഡി എന്നിവ പോലയോ  അതിലും മനോഹരമായതോ ആയ വാക്കാണ്  ബോറടി എന്നും അദ്ദേഹം പറഞ്ഞു. ചേട്ട൯, കൊച്ചമ്മ, കുഞ്ഞമ്മ, വല്യമ്മ തുടങ്ങി ബന്ധുത്വത്തെ സൂചിപ്പിക്കാ൯ മലയാളത്തിലുള്ളതു പോലുള്ള വ്യത്യസ്തമായ വാക്കുകൾ ലോകത്ത് മറ്റൊരു ഭാഷയിലും കാണില്ലെന്നും രാം മോഹ൯ ചൂണ്ടിക്കാട്ടി.

date