Skip to main content

കരാർ ജീവനക്കാരായ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും: വനിതാ കമ്മിഷൻ അധ്യക്ഷ 

 

വനിതാ കരാർ തൊഴിലാളികൾക്കായി പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു

കേരളത്തിലെ കരാർ ജീവനക്കാരായ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്
വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
കേരളത്തിലെ കരാര്‍ ജീവനക്കാരായ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ്  എറണാകുളം ഗവ ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ.
   ആഗോളവത്ക്കരണ നയങ്ങളുടെ ഭാഗമായി സ്ഥിരം തൊഴിൽ സാധ്യത കുറയുകയും എല്ലാ തൊഴിലുകളും കരാർവത്ക്കരിക്കപ്പെടുകയും ചെയ്യുന്നു.  തൊഴിൽ ആനുകൂല്യങ്ങളൊന്നുമില്ലാതെ തുച്ഛമായ കൂലിക്ക് അധ്വാനിക്കേണ്ടി വരുന്നവരാണ് കരാർ ജീവനക്കാരായ വനിതകൾ. കോവിഡ് കാലഘട്ടത്തിൽ ഉൾപ്പെടെ ത്യാഗ പൂർണമായ പ്രവർത്തനങ്ങളാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള കരാർ ജോലിക്കാർ നിർവഹിച്ചത്. സമത്വം  വിഭാവനം ചെയ്യുന്ന രാജ്യത്ത് തൊഴിലിടങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾ ചൂഷണം നേരിടുന്നുണ്ടെന്നും തൊഴിലാളികൾക്കും അവകാശങ്ങൾ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
  സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ആവശ്യമായ നടപടികളാണ് കമ്മിഷൻ കൈകൊള്ളുന്നത്.
എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിച്ച് അവ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ പല വിധത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് ഹിയറിങ്ങുകൾ നടത്തുന്നത്. 11 മേഖലകളിലെ പ്രശ്നങ്ങളാണ് ഈ സാമ്പത്തിക വർഷം ചർച്ച ചെയ്യുന്നതെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
  തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നമാണ് വനിത കമ്മിഷനു മുമ്പാകെ എത്തുന്ന പരാതികളിലേറെയുമെന്ന്  ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച വനിതാ കമ്മിഷനംഗം വി.ആർ. മഹിളാമണി പറഞ്ഞു.
 കൊച്ചി കോര്‍പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബ ലാൽ വിശിഷ്ടാതിഥിയായി. സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം ഉണ്ടായാൽ മാത്രമേ സ്ത്രീകൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താനാകൂവെന്ന് ഷീബ ലാൽ പറഞ്ഞു. കരാര്‍ ജീവനക്കാരായ വനിതകളുടെ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തിൽ കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ദീപ കെ രാജന്‍ ചർച്ച നയിച്ചു.
വാട്ടർ അതോറിറ്റി, ബാങ്കിംഗ്, സിയാൽ, അങ്കണവാടി വർക്കേഴ്സ് , ആരോഗ്യം തുടങ്ങി വിവിധ കരാർ മേഖലയിലെ ജീവനക്കാർ പരാതി ബോധിപ്പിച്ചു. 
 ചടങ്ങിൽ വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍,  ഡയറക്ടര്‍ ഷാജി സുഗുണന്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ പങ്കെടുത്തു.

date