Skip to main content

മാലിന്യമുക്ത മണീട് ക്യാമ്പയിൻ;മണീട് ഗ്രാമപഞ്ചായത്തിൽ സ്നേഹ ആരാമം ഒരുക്കി

 

ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം മാലിന്യമുക്ത മണീട് ക്യാമ്പയിൻ്റെ ഭാഗമായി മണീട് ഗ്രാമപഞ്ചായത്തിൽ സ്നേഹ ആരാമം ഒരുക്കി.  പഞ്ചായത്തിലെ മാലിന്യം നിറഞ്ഞ കേന്ദ്രങ്ങളെ വൃത്തിയാക്കി മാലിന്യമുക്ത പഞ്ചായത്തായി മാറ്റുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് അങ്കണത്തിൽ വിവിധ ഇനത്തിലുള്ള പൂക്കൾ കൊണ്ട് പൂന്തോട്ടം ഒരുക്കുന്നത്.  പഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഭാവി തലമുറയ്ക്കായി നമ്മൾ സംരക്ഷിക്കേണ്ട ഭക്ഷണം, ജലം, വായു എന്നിവ മലിനമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട്  പ്രസിഡൻ്റ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ മാലിന്യമുക്തം നവകേരളം എന്ന പേരിൽ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. ഈ ക്യാമ്പയിൻ വിജയകരമായി  നടപ്പിലാക്കി മാലിന്യമുക്ത മണീട് പഞ്ചായത്ത് ഒരുക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു.

മണീട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് പഞ്ചായത്ത് അങ്കണത്തിൽ പൂന്തോട്ടം ഒരുക്കിയത്. 

മണീട് ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളാണ് ഒക്ടോബർ  മുതൽ പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനോടൊപ്പം പൊതുനിരത്തിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന മാലിന്യങ്ങൾ, ഈ വേസ്റ്റ്, ഉപയോഗശൂന്യമായ കിടക്കകൾ, ചെരിപ്പുകൾ, തുണികൾ എന്നിവയും പഞ്ചായത്ത് പരിധിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. 

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോളി തോമസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ടി അനീഷ്, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് സുധീർ, എൻഎസ്എസ് കോ ഓഡിനേറ്റർ സജിത്, പഞ്ചായത്ത് സെക്രട്ടറി അനിമോൾ, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഡോ. വിപിൻ, സ്ഥിരം സമിതി അംഗം മിനി തങ്കപ്പൻ, പി ടി എ പ്രസിഡൻ്റ് ബിജു സൈമൺ, അധ്യാപകർ, എൻഎസ്എസ് വിദ്യാർത്ഥികൾ, സിഡിഎസ് ചെയർപേഴ്സൺ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date