Skip to main content

ഉദ്ഘാടനത്തിനൊരുങ്ങി ഏലൂർ മാടപ്പാട്ട് പ്രദേശത്തെ ഹെൽത്ത്‌ ആൻഡ്‌ വെൽനെസ് സെന്റർ

 

ഉദ്ഘാടനത്തിനൊരുങ്ങി ഏലൂർ മഞ്ഞുമ്മൽ മാടപ്പാട്ട് പ്രദേശത്തെ ഹെൽത്ത്‌ ആൻഡ്‌ വെൽനെസ് സെന്റർ. ഏലൂർ നഗരസഭയിൽ ആരംഭിക്കുന്ന രണ്ടാമത്തെ വെൽനസ് കേന്ദ്രമാണിത്.

നഗരങ്ങളിൽ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൂടുതൽ പ്രാഥമികാരോഗ്യ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് ആരോഗ്യ മേഖലയിൽ പൊതുജനാരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ഹെൽത്ത് ആൻഡ്‌ വെൽനസ്സ് സെൻ്ററുകൾ ആരംഭിക്കുന്നത്.

വെൽനസ്സ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് ഒറ്റത്തവണ ഹെൽത്ത്‌ ഗ്രാൻ്റായി ഒരു ഹെൽത്ത് സെൻ്ററിന് അനുവദിക്കുന്ന 25 ലക്ഷം രൂപ വിനിയോഗിച്ചാണ് വെൽനെസ്സ് സെൻ്ററുകളുടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നത്.

ഓരോ ഹെൽത്ത് ആൻഡ്‌ വെൽനസ്സ് സെൻ്ററുകളിലും ഡോക്ടർ - പരിശോധന മുറി, നിരീക്ഷണ മുറി, നേഴ്സിംഗ് സ്റ്റേഷൻ, വെൽനസ്സ് റൂം, കാത്തിരിപ്പ് കേന്ദ്രം, ശൗചാലയം, ഫാർമസി, ലാബ് കം സ്റ്റോർ എന്നീ സൗകര്യങ്ങളും മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ്, മൾട്ടിപർപ്പസ്സ് വർക്കർ, ക്ലീനിംഗ് സ്റ്റാഫ് എന്നിവരും ഉണ്ടായിരിക്കും. സ്ഥാപനത്തിനാവശ്യമായിട്ടുള്ള ഉപകരണങ്ങളും മരുന്നുകളും കെ.എം.എസ്.സി.എൽ (കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ്) ആണ് നൽകുന്നത്.

ഏലൂർ നഗരസഭയിലെ ആദ്യത്തെ ഹെൽത്ത് & വെൽനസ്സ് സെൻ്റർ ഏലൂർ കിഴക്കുംഭാഗം കുറ്റിക്കാട്ടുകരയിൽ ഹിൻഡാൽകോ കമ്പനിക്ക് സമീപം ഒക്ടോബർ 26ന് പ്രവർത്തനം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് ഒന്ന്മുതൽ വൈകിട്ട് ഏഴ് വരെയാണ് നിലവിലെ വെൽനസ് കേന്ദ്രം പ്രവർത്തിക്കുന്നത്. സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു അർബൻ പോളിക്ലിനിക്ക് നഗരസഭയിൽ ഉടൻ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു.

date