Skip to main content

ജില്ലാതല ആയുര്‍വേദ ദിനാഘോഷം നവംബര്‍ 10 ന്

എട്ടാമത് ജില്ലാതല ആയുര്‍വേദ ദിനാഘോഷം നവംബര്‍ 10 ന് തൃശ്ശൂര്‍ പി.ഡബ്ല്യു.ഡി ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.  ദിനാഘോഷത്തോടനുബന്ധിച്ച് സൗജന്യ ജീവിത ശൈലി രോഗ നിര്‍ണയവും മെഡിക്കല്‍ ക്യാമ്പും കാഴ്ച പരിശോധനയും നടക്കും. അസ്ഥി ധാതു ബല നിര്‍ണ്ണയം, ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, ശരീര ഭാര സൂചിക, കാഴ്ച പരിശോധന എന്നിവയും സൗജന്യമായി നടത്തും.

കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന, പൊതുജനങ്ങള്‍ എന്നിവര്‍ക്കായാണ് പരിശോധന നടത്തുന്നത്. രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രി, വില്ലടം ഗവ. ആയുര്‍വേദ ആശുപത്രി,  ഒല്ലൂര്‍ ഗവ. വിഷ വൈദ്യ ഡിസ്‌പെന്‍സറി, കൂര്‍ക്കഞ്ചേരി, ഒല്ലൂക്കര, അയ്യന്തോള്‍ എന്നിവിടങ്ങളിലെ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ എന്നിവിടങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്താം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്ക് മുന്‍ഗണന ലഭിക്കും.

ജില്ലാതല ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 8 ന് സ്വരാജ് റൗണ്ട് നായ്ക്കനാല്‍ പരിസരത്ത് നിന്നും തെക്കേ ഗോപുര നട വരെ ജില്ലാതല റാലിയും നടക്കും. 'ആയുര്‍വേദം എല്ലാവര്‍ക്കും എല്ലാദിവസവും' എന്ന വിഷയത്തില്‍ വിവിധ വകുപ്പുകളുടെയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും മറ്റ് അംഗീകൃത സംഘടനകളുടെയും സഹകരണത്തോടെയാണ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഈ വര്‍ഷം ആയുര്‍വേദ ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസം സംസ്ഥാനത്തെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളിലും ജീവിതശൈലി രോഗങ്ങള്‍ക്കായി പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കും. 

സ്‌കൂള്‍ കോളേജ് തലത്തില്‍ ആയുര്‍വേദത്തെക്കുറിച്ച് അവബോധ ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാന്യം നല്‍കുന്ന പരിപാടികളും സംഘടിപ്പിക്കും. ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടര്‍ കെ.എസ് പ്രിയയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ നവംബര്‍ 15 വരെയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുക.

date