Skip to main content
ഭരണഘടനാ വിജ്ഞാനോത്സവം നവംബർ 26 ന്

ഭരണഘടനാ വിജ്ഞാനോത്സവം നവംബർ 26 ന്

വെള്ളാങ്കല്ലൂർ ബ്ലോക്ക്‌ പഞ്ചായത്തും സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയും സംയുക്തമായി ഭരണഘടനാ വിജ്ഞാനോത്സവം നടത്തുന്നു. കളക്ടേറ്റിൽ നടന്ന ചടങ്ങിൽ ഭരണഘടനാ വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട ലഘുലേഖ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ പ്രകാശനം ചെയ്തു. ഭരണഘടനാ വിജ്ഞാനോത്സവത്തിന്റെ  ഉദ്ഘാടനം നവംബർ 26 ന് വെള്ളാങ്കല്ലൂർ ഗ്രാമപ്പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 8.30 ന് വി ആർ സുനിൽ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനാകും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലുള്ള ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടുമാരും ജനപ്രതിനിധികളും പങ്കെടുക്കും.

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വെള്ളാങ്കല്ലൂർ, പൂമംഗലം, പുത്തൻചിറ, പടിയൂർ, വേളൂക്കര എന്നീ 5 പഞ്ചായത്തുകളിലെ 42000 ത്തോളം വീടുകളിൽ പരിപാടിയുടെ ഭാഗമായി വളണ്ടിയർമാർ സന്ദർശനം നടത്തും. കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള 400 ഓളം വിദ്യാർത്ഥികളാണ് വളണ്ടിയർമാരായി പ്രവർത്തിക്കുന്നത്. ഭരണഘടനയുടെ ആമുഖം, പ്രധാനപ്പെട്ട നിർദേശങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലഘുലേഖകൾ, വീടുകളിൽ വിതരണം ചെയ്യും. ഇരുപതോളം പൊതുകേന്ദ്രങ്ങളിൽ ഭരണഘടനയുടെ ആമുഖം തയ്യാറാക്കി സ്ഥാപിക്കും. 

ഭരണഘടനാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ജില്ലയിലെ 1028 വിദ്യാലയങ്ങളിൽ ഭരണഘടനാ ചുമർ നിർമ്മിക്കും. ചുമരിൽ പതിക്കുന്ന ഭരണഘടനാ ആമുഖത്തിന്റെ മറ്റു വശങ്ങളിലായി, ചിത്രകാരന്മാരായ കുട്ടികൾ, പ്രാദേശിക ചിത്രകാരന്മാർ തുടങ്ങിയവർ അനുബന്ധ ചിത്രങ്ങൾ വരച്ചു ചേർക്കും. ഭരണഘടനാ അസംബ്ലി, വിവിധ മത്സരങ്ങൾ, സെമിനാറുകൾ തുടങ്ങിയവയും നടക്കും.

date