Skip to main content
പ്രതീക്ഷയോടെ 'പ്രതീക്ഷ പദ്ധതി'

പ്രതീക്ഷയോടെ 'പ്രതീക്ഷ പദ്ധതി'

പഞ്ചായത്ത് തലത്തില്‍ സംസ്ഥാനത്ത് ആദ്യമായി ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ നെന്മണിക്കരയില്‍ തുടക്കമായി

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് തലത്തില്‍ ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിന് തുടക്കമായി. 'പ്രതീക്ഷ' എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കുന്നിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എ 'പ്രതീക്ഷ' പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. 

ഗര്‍ഭാശയഗള ക്യാന്‍സറിന് പ്രതിരോധം സൃഷ്ടിക്കുന്ന മാതൃകാ പദ്ധതിയാണ് പ്രതീക്ഷ. 9 മുതല്‍ 26 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് ഗര്‍ഭാശയഗള ക്യാന്‍സര്‍ പ്രതിരോധത്തിന് വാക്‌സിനേഷന്‍ ലക്ഷ്യമിടുന്നത്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഈ പ്രായപരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി സമ്പൂര്‍ണ ഗര്‍ഭാശയഗള പ്രതിരോധ വാക്‌സിനേഷന്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 

9 മുതല്‍ 13 വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ആറുമാസം ഇടവിട്ട് രണ്ടുതവണയും 14 മുതല്‍ 26 വയസ്സ് വരെയുള്ളവര്‍ക്ക് ആറുമാസം ഇടവിട്ട് 3 പ്രാവശ്യവും വാക്‌സിന്‍ നല്‍കും. ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും 2.5 ലക്ഷം ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ബൈജു അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ഷാജു, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. ജയന്തി,  ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എംസി മാറ്റ് ലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാബിന്‍, മറ്റത്തൂര്‍ ഹെല്‍ത്ത് സൂപ്രണ്ട് സഹദേവന്‍, സിഡിഎസ് ചെയര്‍പേഴ്‌സന്‍ സിന്ധു സുബ്രഹ്‌മണ്യന്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വിന്‍ പദ്ധതി വിശദീകരിച്ചു.

date