Skip to main content

നവകേരള സദസ്സ്; കയ്പമംഗലം നിയോജക മണ്ഡലത്തിൽ വിവിധ പരിപാടികൾ നടക്കും - എംഎൽഎ

കയ്പമംഗലം നിയോജക മണ്ഡലത്തിൽ ഡിസംബർ ആറിന് എം ഇ എസ് അസ്മാബി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസ്സിന് മുന്നോടിയായി നിരവധി പരിപാടികൾ മണ്ഡലത്തിൽ നടക്കുമെന്ന് ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ. നവകേരള സദസ്സിനോടനുബന്ധിച്ച പരിപാടികൾ വിശദീകരിക്കുന്നതിനായി ചേർന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിൽ നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് നടക്കുന്നത്. മെഗാ തിരുവാതിര നവംബര്‍ 28 ന് വൈകുന്നേരം മൂന്നരയ്ക്ക് എം.ഇ.എസ് അസ്മാബി കോളേജ് ഗ്രൗണ്ടില്‍ നടക്കും.

മെഗാതിരുവാതിര ചടങ്ങിന്റെ ഭദ്രദീപം ജില്ലാ കളക്ടര്‍ വി.ആർ കൃഷ്ണ തേജ തെളിയിക്കുമെന്നും എംഎൽഎ പറഞ്ഞു.

എൽ പി, യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി നവംബർ 28 ന് ശാന്തിപുരം പി.എ സെയ്ത് മുഹമ്മദ് സ്മാരക ഹാളിൽ ചിത്രരചന മത്സരം നടക്കും. നവംബർ 29, 30 തീയതികളിൽ യഥാക്രമം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുചീകരണ ദിനം ആചരിക്കും.

ഡിസംബർ ഒന്നിന് വിദ്യാലയങ്ങളിൽ സ്റ്റുഡന്റസ് പാർലിമെന്റും എറിയാട് നിന്നും കയ്പമംഗത്ത് നിന്നും രാവിലെ 7.30 ന് എം ഇ എസ് അസ്മാബി കോളേജ് വരെ കൂട്ടയോട്ടവും നടക്കും. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ആൻസി സോജനും കൂട്ടയോട്ടത്തിന്റെ ഭാഗമാകും.

ഡിസംബർ ഒന്നിന് വൈകീട്ട് നാലിന് മതിലകം ഒ എൽ എഫ് സ്കൂളിൽ നിന്നും മതിലകം ഗ്രാമ പഞ്ചായത്ത് വരെ നവകേരള സദസ്സ് വോളന്റിയർമാരുടെ വിളംബരഘോഷയാത്ര സംഘടിപ്പിക്കും. വിളംബര ഘോഷയാത്ര തൃശൂർ റൂറൽ പോലീസ് മേധാവി നവനീത് ശർമ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും എംഎൽഎ പറഞ്ഞു.

ഡിസംബർ മൂന്നിന് അഴീക്കോട്‌ നിന്നും ചാമക്കാല വരെ നടത്തുന്ന സൈക്കിൾ റാലിയിൽ മണ്ഡലത്തിലെ സൈക്കിൾ ക്ലബ്ബുകൾ പങ്കെടുക്കും. ഡാവിഞ്ചി സുരേഷും മണ്ഡലത്തിലെ മത്സ്യ തൊഴിലാളികളും ചേർന്ന് മുഖ്യമന്ത്രിയുടെ ചിത്രം മത്സ്യങ്ങൾ കൊണ്ട് തയാറാക്കുമെന്നും അറിയിച്ചു.

നവകേരള സദസ്സ് നടക്കുന്ന ഡിസംബർ ആറിന് രാവിലെ എട്ട് മണി മുതൽ സാംസ്‌കാരിക കലാ പരിപാടികൾ ആരംഭിക്കുമെന്നും പത്ര സമ്മേളനത്തിൽ ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.

എം ഇ എസ് അസ്മാബി കോളേജിൽ നടന്ന പത്ര സമ്മേളനത്തില്‍ മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. കെ. ഗിരിജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ് മോഹനന്‍, സി. കെ ചന്ദ്രബാബു, ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ ആയൂബ്, എം.ഇ.എസ് അസ്മാബി കോളേജ് മാനേജിംഗ് കമ്മറ്റി പ്രസിഡന്‍റ് ആസ്പിന്‍ അഷ്‌റഫ്‌, സെക്രട്ടറി ആന്റ് കറസ്പോണ്ടന്റ് അഡ്വ. നവാസ് കാട്ടകത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. റീനാ മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ഡോ. സനന്ദ് സദാനന്ദ്‌, സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സസ് ഡയറക്ടര്‍ ഡോ. കെ.പി. സുമേഥന്‍, നവകേരള സദസ്സ് മണ്ഡലം കൺവീനറായ ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിൻ തുടങ്ങിയവർ പങ്കെടുത്തു.

See Insights and Ads

Advertise

Like

Comment

Share

date