Skip to main content

മില്ലറ്റ് ഫെസ്റ്റ്  2023 : പ്രദർശന വിപണന മേളയ്ക്ക്  29ന് തുടക്കമാകും

നവംബർ 30ന് ഹൈബി ഈഡൻ എംപി മേളയുടെ ഉദ്ഘാടനം നിർവഹിക്കും

 

അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആകാശവാണി കൊച്ചി എഫ്.എം, കുടുംബശ്രീ എന്നിവ സംയുക്തമായി  സംഘടിപ്പിക്കുന്ന മില്ലറ്റ് ഫെസ്റ്റിന് നവംബർ 29ന് തുടക്കമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. മില്ലറ്റ് ഫെസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 നവംബർ 29 മുതൽ ഡിസംബർ ഒന്നു വരെ മൂന്ന് ദിവസങ്ങളിലായി വിപുലമായ കലാസാംസ്കാരിക പരിപാടികളോടെയാണ് പ്രദർശന വിപണനമേള നടക്കുന്നത്. നവംബർ 29ന് രാവിലെ 10:30ന് ചെറു ധാന്യങ്ങൾ - പ്രസക്തിയും സാധ്യതകളും എന്ന വിഷയത്തിൽ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. കെ.വി സുമയ്യ അവതരണം നടത്തും. തുടർന്ന് അട്ടപ്പാടി ചെറുധാന്യ എഫ്. പി. ഒ, ചിന്നാർ ചെറുധാന്യ കർഷക കൂട്ടായ്മ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. വൈകിട്ട് നാലു മുതൽ അട്ടപ്പാടി ആദിവാസി കലാ സംഘത്തിന്റെ ഗോത്ര ഗീതവും വൈകിട്ട് ആറുമുതൽ ശിവരഞ്ജിനി പറവൂർ അവതരിപ്പിക്കുന്ന കൈകൊട്ടികളിയും അരങ്ങേറും.

 രണ്ടാം ദിവസം നവംബർ 30ന്   രാവിലെ 9.30ന് ഹൈബി ഈഡൻ എം.പി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത ഗായിക നഞ്ചിയമ്മ മുഖ്യാതിഥിയാകും. പ്രദർശനമേളയുടെ ഉദ്ഘാടനം തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം പദ്ധതി വിശദീകരണം നടത്തും. ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

 ഉദ്ഘാടനത്തിനുശേഷം രാവിലെ 11ന് സ്കൂൾ വിദ്യാർത്ഥികൾക്കായി കാർഷിക പ്രശ്നോത്തരി മത്സരം, മാജിക് ഷോ, മില്ലറ്റ് വിഭവങ്ങളുടെ പാചക മത്സരം എന്നിവ നടക്കും. തുടർന്ന് കോട്ടുവള്ളി കൃഷിഭവൻ ടീം, പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ സൗഹൃദയ സോഷ്യൽ വെൽഫയർ സെന്റർ, മില്ലറ്റ് സംരംഭക ബിന്ദു ഗൗരി  തുടങ്ങിയവർ ചെറു ധാന്യ കൃഷിയിലെ അനുഭവങ്ങൾ പങ്കുവയ്ക്കും. വൈകിട്ട് ആറു മുതൽ പ്രശസ്ത കായിക നാഞ്ചിയമ്മ നയിക്കുന്ന ഗാനസന്ധ്യ അരങ്ങേറും.

 മൂന്നാം ദിവസം  ഡിസംബർ ഒന്നിന് രാവിലെ 9.30 മുതൽ വനിതകൾക്കായി മില്ലറ്റ് വിഭവങ്ങളുടെ പാചക മത്സരം നടക്കും. തുടർന്ന് കാന്തല്ലൂർ ചെറുധാന്യ കർഷക കൂട്ടായ്മ, മില്ലറ്റ് സംരംഭക പരിശീലക മിനി, കോട്ടുവള്ളിയിൽ നിന്നുള്ള ചെറുധാന്യ കർഷകൻ കൃഷ്ണൻ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ മില്ലറ്റും ആരോഗ്യവും എന്ന വിഷയത്തിൽ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ഡോ.  മുംതാസ് അവതരണം നടത്തും.  വൈകിട്ട് നാലു മുതൽ സമാപന സമ്മേളനം നടക്കും.

തൃക്കാക്കര ഓപ്പൺ സ്റ്റേജ്, തൃക്കാക്കര കമ്മ്യൂണിറ്റി ഹാൾ, പ്രിയദർശിനി ഹാൾ എന്നിവിടങ്ങളിലായി മില്ലെറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുനന്നത്. നമ്മുടെ നാട്ടിൽ പണ്ട് ധാരാളമായി കൃഷി ചെയ്തിരുന്നതും പോഷക ഗുണങ്ങളാൽ സമൃദ്ധമായ ചെറുതാനുകളെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാർ, സൗഹൃദയ ഡയറക്ടർ ജോസ് കൊളുത്തുവേലി, ജൈവരാജ്യം മനോജ് വലിയ പുരക്കൽ, ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റ് എം. എം അബ്ബാസ്,കൊച്ചി എഫ്. എം പ്രതിനിധി  ബാല നാരായണൻ, ഫിനാൻസ് ഓഫീസർ ജോബി തോമസ്, കോട്ടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷിനു തുടങ്ങിയവർ പങ്കെടുത്തു.

date