Skip to main content

പ്രളയ ദുരന്തം: ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ ജില്ലകളിലേക്കയച്ചു

 

പ്രളയ ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്നതിനുള്ള ഉപകരണങ്ങള്‍ വികലാംഗക്ഷേമ കോര്‍പറേഷന്‍ ആസ്ഥാനമായ പൂജപ്പുരയില്‍ നിന്നും വിവിധ ജില്ലകളിലേക്ക് കയറ്റിയയച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാമിഷനും കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനുമാണ് ഉപകരണങ്ങള്‍ ശേഖരിച്ചത്.

വീല്‍ച്ചെയര്‍, ക്രച്ചസ്, ശ്രവണ സഹായി തുടങ്ങിയ 5000ത്തോളം പേരുടെ ഭിന്നശേഷി ഉപകരണങ്ങളാണ് നഷ്ടമായിട്ടുള്ളത്. ഇവയെല്ലാം തിരിച്ച് നല്‍കാനുള്ള തീവ്രശ്രമത്തിലാണ് സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാമിഷനും സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനും. ഇതോടൊപ്പം പൊതുജനങ്ങളുടേയും സഹായം ആവശ്യമാണ്. ഒരാള്‍ ഒരാളെ സഹായിച്ചാല്‍ തന്നെ അത് വലിയൊരു സഹായമാകുമെന്ന് മന്ത്രി പറഞ്ഞു. തമിഴ്‌നാട് ഡിസബിലിറ്റി കമ്മീഷണര്‍ നല്‍കിയ 100 വീല്‍ച്ചെയര്‍, 150 ക്രച്ചസ് എന്നിവയും പ്രവാസി മലയാളിയായ കണ്ണന്‍ നല്‍കിയ 31 എയര്‍ ബെഡ്ഡുകളും വാട്ടര്‍ ബെഡ്ഡുകളും ഉള്‍പ്പെടെയാണ് ആദ്യഗഡു കയറ്റിയയച്ചത്. ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേനയാണ് ഈ ഉപകരണങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുന്നത്.

വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍, സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, വികലാംഗക്ഷേമ കോര്‍പറേഷന്‍ എം.ഡി. കെ. മൊയ്തീന്‍ കുട്ടി, സാമൂഹ്യനീതി വകുപ്പ് അസി. ഡയറക്ടര്‍ ജലജ എന്നിവര്‍ പങ്കെടുത്തു.

പി.എന്‍.എക്‌സ്.3940/18

date