Skip to main content

ഭിന്നശേഷി ദിനാചരണം: ജില്ലയിൽ ആദ്യമായി ഡിസബിലിറ്റീസ് അഡ്വഞ്ചർ ക്ലബ് രൂപീകരിച്ചു

 

അന്താരാഷ്ട്ര  ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്  ജില്ലയിൽ ആദ്യമായി 
ഡിസബിലിറ്റീസ് അഡ്വഞ്ചർ   ക്ലബ് രൂപീകരിച്ചു. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്  ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷി ദിനം വ്യത്യസ്തമായി ആഘോഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്ലബ്ബ് രൂപീകരിച്ചത്. ഹൈബി ഈഡൻ എം പി പരിപാടി ഉദ്ഘാടനം ചെയ്തു.

കൂടാതെ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കലൂർ അക്വാലിയോ പാഡി ഡൈവ് സെന്ററിന്റെയും, സഹൃദയ വെൽഫെയർ സർവീസ്, റോട്ടറി ക്ലബ് അരൂർ എന്നിവരുടെ  നേതൃത്വത്തിൽ തമ്മനം ഒളിമ്പ്യസ് ഐറീന പൂളില്‍ ഭിന്നശേഷിക്കാര്‍ക്കായി സൗജന്യ സ്‌കൂബ ഡൈവിങിന് അവസരം നൽകി. അന്തർദേശിയ തലത്തിൽ പ്രശസ്തമായ സ്കൂബ ഡൈവിംങ് ആദ്യമായാണ്  ഭിന്നശേഷിക്കാർക്കായി  ഇന്ത്യയിൽ തന്നെ  സൗജന്യമായി നൽകുന്നത്.12 വയസ്സിന്  മുകളിൽ പ്രായമുള്ള  40 ഓളം ഭിന്നശേഷിക്കാർ ഇതിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ചടങ്ങിൽ ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാണ്ട അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. കെ ജെ ജോസഫ്, റോട്ടറി ക്ലബ് അരൂർ സെക്രട്ടറി സെജി മൂത്തരിഫ്, സഹൃദയ അസിസ്റ്റൻറ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി, അക്വാലിയോ ഡൈവ് സെന്റർ ഡയറക്ടർ ജോസഫ് ദിലീഷ് തുടങ്ങിയവർ സംസാരിച്ചു.

ഡി ടി പി സി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ പ്രവേശനം  നൽകുകയും ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ രക്ഷപ്പെടുത്തുന്നതിനും നേടുന്നതിനുമുള്ള പ്രവര്‍ത്തനത്തില്‍ ഐക്യപ്പെട്ടിരിക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ  ഭിന്നശേഷി ദിനാചരണത്തിന്റെ പ്രമേയം.

date