Skip to main content

ഫോർട്ട്കൊച്ചി ആർ.ഡി.ഒ ഓഫീസിന്റെ പ്രവർത്തനം മാതൃകാപരം: കെ.ജെ മാക്സി എം.എൽ.എ

 

ആർ.ഡി.ഒ ഓഫീസിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്

കേരളത്തിലെ സർക്കാർ ഓഫീസുകൾക്ക് മാതൃകയാണ് ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസ് എന്ന് കെ.ജെ മാക്സി എം.എൽ.എ പറഞ്ഞു. ഫോർട്ട്കൊച്ചി ആർ.ഡി.ഒ ഓഫീസിന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വലിയൊരു അംഗീകാരമാണ് ഫോർട്ട്‌കൊച്ചിക്ക് ലഭിച്ചത്. മികച്ച സേവന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ജനങ്ങളുടെ സേവകരാണ് ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും. സബ് കളക്ടർ പി.വിഷ്ണുരാജിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാകാത്തതാണ്. 

മുതിർന്ന പൗരന്മാരെ മാന്യമായി സ്വീകരിക്കുന്നു. ജീവനക്കാർക്ക് സൗകര്യപ്രദമായി ജോലിചെയ്യാനുള്ള സാഹചര്യങ്ങൾ ഒരുക്കി നൽകുന്നു. ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു തുടങ്ങിയ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഫോർട്ട്കൊച്ചി ഓഫീസിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചത്. 

കൊച്ചി മണ്ഡലം നവ കേരള സദസ്സിൽ 3909 നിവേദനങ്ങളാണ് ലഭിച്ചതെന്നും നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി പരാതികൾ തീർപ്പാക്കുമെന്നും എം.എൽ.എ പറഞ്ഞു. 

ഫോർട്ട്കൊച്ചി ആർ.ഡി.ഒ ഓഫീസിന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഐ.എസ്.ഒ ഡയറക്ടർ എൻ ശ്രീകുമാറിൽ നിന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സബ് കളക്ടർ പി. വിഷ്ണുരാജ്, സീനിയർ സൂപ്രണ്ട് വി.വി ജയേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.  

കൊച്ചി തഹസിൽദാർ സുനിത ജേക്കബ്, കോർപറേഷൻ വാർഡ് കൗൺസിലർ ആന്റണി കുരീത്തറ, കൊച്ചി കോർപ്പറേഷൻ വികസന ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷീബ ലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഐ. എസ്. ഒ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ റവന്യു ഡിവിഷണൽ ഓഫീസ് ആണിത്.

date