Skip to main content

ഖാദിയണിഞ്ഞ് നവവൽസരത്തെ വരവേൽക്കാം; റിബേറ്റു മേളയ്ക്ക് തുടക്കമായി

 

കൊച്ചി: നവവത്സര നാളുകൾ ആഘോഷ പൂർണമാക്കാൻ ഖാദിയണിയാൻ കാരണങ്ങൾ നിരവധിയാണ്. ആധുനിക ട്രെൻഡിനോടു മത്സരിക്കാൻ പ്രാപ്തമായ മികച്ച തുണിത്തരങ്ങളാണ് ക്രിസ്മസ് - നവവത്സര വേളയിൽ ഖാദി അവതരിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഖാദി ഷോ റൂമായ കലൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഖാദി റിബേറ്റു മേളയ്ക്കു തുടക്കമായി. 

മുൻവർഷങ്ങളെ അപേക്ഷിച്ച് പുതുമയാർന്ന കളക്ഷൻ്റെ വലിയ ശേഖരമാണ് ഇവിടെയൊരുക്കിയിട്ടുള്ളത്. ശീതീകരിച്ച സിൽക് ഷോറൂമിൽ 1450 രൂപ മുതൽ 4800 രൂപ വരെ വിലയുള്ള കോട്ടൺ സാരി ഇവിടെ ലഭിക്കും. ഏറ്റവും പുതിയ രൂപകൽപ്പനയിലുള്ള സിൽക് സാരികൾക്ക് 3800 രൂപ മുതൽ 17000 രൂപ വരെയാണ് വില. 

റെഡിമെയ്ഡ് ഷർട്ടുകൾ 800- 4000 രൂപ റേഞ്ചിലും 720 രൂപ മുതലുള്ള ചുരിദാർ ടോപ്പുകളും പുതിയ ആകർഷണമാണ്. 

മസ്ലിൻ നൂലിൽ നെയ്തെടുത്ത വെള്ള ഷർട്ടിങ് തുണിയും പാൻ്റ്സ്, തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കാക്കി തുണി എന്നിവ യഥേഷ്ടം കിട്ടും.

ജനുവരി ആറു വരെ നീളുന്ന റിബേറ്റു മേള ഖാദി ബോർഡംഗം കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ രജനി മണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ജെ. കുഞ്ഞുമോൻ ആദ്യ വിൽപ്പന ഏറ്റുവാങ്ങി. ജില്ല ഖാദിഗ്രാമ വ്യവസായ ഓഫീസർ പി.എ. അഷിത സ്വാഗതവും ഗ്രാമ വ്യവസായ ഓഫീസർ പി.കെ. ലതീഷ് കുമാർ നന്ദിയും പറഞ്ഞു. 
എല്ലാ കോട്ടൺ തുണിത്തരങ്ങൾക്കും സിൽക് സാരിക്കും 30 ശതമാനം വരെയും പോളി, വുള്ളൻ തുണിത്തരങ്ങൾക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭിക്കും.

date