Skip to main content

ഷീ പാർലമെന്റും മോഡൽ നിയമസഭയും ; നൂതന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു

 

വനിതകൾക്ക് പാർലമെന്ററി ജനാധിപത്യത്തിലും നടപടി ക്രമങ്ങളിലും കൂടുതൽ അറിവും പരിചയവും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ഷീ പാർലമെന്റും മോഡൽ നിയമസഭയുമായി ജില്ലാ പഞ്ചായത്ത്.  തൃക്കാക്കര ഭാരത് മാതാ കോളേജിൽ  നടന്ന പരിപാടി  രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു.

വിവിധ ഗ്രാമപഞ്ചായത്തുകളിലെ 150 ഗ്രാമീണ വനിതകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഷീ പാർലമെൻ്റ് നൂതനമായ പദ്ധതിയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അഭിപ്രായമാണ് പാർലമെന്റിലും നിയമസഭയിലും പ്രതിഫലിക്കേണ്ടത്. നിയമങ്ങളും ചട്ടങ്ങളും കീഴ് വഴക്കങ്ങളുമാണ് സഭയെ നയിക്കുന്നത്. ഭാവിയിൽ ഷീ പാർലമെൻ്റ് ഉണ്ടാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ജില്ലാ പഞ്ചായത്തിൻ്റെ 2023- 24 വർഷം ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150  ഗ്രാമീണ വനിതകൾ പങ്കാളികളാകുന്ന ഒരു ദിവസത്തെ മോഡൽ നിയമസഭ ചേരുക എന്ന പദ്ധതി നടപ്പിലാക്കിയത്. വനിതകൾ കൂടുതലായി പാർലമെൻ്ററി രംഗത്തേക്ക് കടന്നുവരുന്ന ഈ കാലഘട്ടത്തിൽ അവർക്ക് പാർലമെൻ്ററി ജനാധിപത്യത്തിലും നടപടിക്രമങ്ങളിലും കൂടുതൽ അറിവും പരിചയവും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി  മോഡൽ പാർലമെൻ്റിനെ കുറിച്ചുള്ള അറിവ് രാഷ്ട്രീയത്തിലേക്കും ജനാധിപത്യക്രമങ്ങളിലേക്കും ഭരണസംവിധാനത്തിലേക്കും കടന്നുവരാൻ വനിതകൾക്ക് പ്രേരണയാകും. 

ഒരു ദിവസമെങ്കിലും നിയമസഭാ സാമാജികരായി അഭിനയിച്ചുകൊണ്ട് നാടിൻ്റെ വികസനക്ഷേമ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനും പരിഹാരം നിർദ്ദേശിക്കുവാനും വനിതകൾക്ക് കഴിയുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പരിപാടിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ  വനിതകൾക്ക് നിയമസഭാ നടപടിക്രമങ്ങളെക്കുറിച്ച് ദ്വിദിന   
പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. പരിശീലനം ലഭിച്ചവരിൽ നിന്ന് ഗവർണർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപ നേതാവ് എന്നിവരെ തിരഞ്ഞെടുത്തു. പ്രസംഗം, ഗവർണറുടെ പ്രസംഗത്തിനുമേലുള്ള ചർച്ച ചോദ്യോത്തരവേള, അടിയന്തര പ്രമേയം ക്ഷണിക്കൽ തുടങ്ങി പാർലമെന്ററി നിയമസഭ നടപടിക്രമങ്ങളെല്ലാം ഒരു ദിവസത്തെ മോഡൽ നിയമസഭയിലും ഉൾപ്പെടുത്തിയിരുന്നു. 

നിയമസഭാ സെക്രട്ടറിയേറ്റ് ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, അഡീഷണൽ സെക്രട്ടറി വിജയകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഭാരത് മാതാ കോളേജ് എം എസ് ഡബ്ലിയു ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

പരിപാടിയിൽ മികച്ച സാമാജികരായി പ്രതിപക്ഷ നേതാവ് റിസാന നിസാറിനെയും (കിഴക്കമ്പലം പഞ്ചായത്ത്), രാധാ ഗോപിനാഥ് എം എൽ എ യേയും ( ആയവന പഞ്ചായത്ത്) തെരഞ്ഞെടുത്തു.  സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു.

ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള മുഖ്യ അതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സനിത റഹീം ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം ജെ ജോമി,  റാണിക്കുട്ടി ജോർജ്, ആശ സനിൽ, 
മെമ്പർമാരായ ശാരദ മോഹൻ, ഷൈനി ജോർജ്, എ എസ് അനിൽകുമാർ, മനോജ് മൂത്തേടൻ,  കെ വി രവീന്ദ്രൻ,  കുഞ്ഞുകുട്ടി, അനിമോൾ ബേബി, അനിത ടീച്ചർ,  ഷൈമി വർഗീസ്, റഷീദ സലീം, ലിസി അലക്സ്,  തൃക്കാക്കര നഗരസഭ കൗൺസിലർ ടി ജി ദിനൂപ്, സീനിയർ സൂപ്രണ്ട് ജോസഫ് അലക്സാണ്ടർ, സെക്രട്ടറി വൈ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
 

date