Skip to main content

പകർച്ചപ്പനി പ്രതിരോധ മാർഗങ്ങൾ ഊർജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

സംസ്ഥാനത്ത് പകർച്ചപ്പനി(ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ, ചെള്ളുപനി)  ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാവുന്ന സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ ഊർജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഡെങ്കിപ്പനി പ്രതിരോധ മാർഗ്ഗങ്ങൾ :
    വീട്ടിലും പരിസരത്തും കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
    ആഴ്ചയിൽ ഒരിയ്ക്കൽ ഡ്രൈ ഡേ ആചരിക്കുക.
    കൊതുക് കടി ഏല്ക്കാതിരിക്കാൻ കൊതുക് വല, ലേപനങ്ങൾ എന്നിവ ഉപയോഗിക്കുക.

ഇൻഫ്ലുുവെൻസ  പ്രതിരോധ മാർഗ്ഗങ്ങൾ :
    മാസ്ക് ധരിക്കുക.
    പനിയുള്ളവരുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക.

ചെള്ളുപനി പ്രതിരോധ മാർഗ്ഗങ്ങൾ :
    വീടിന് ചുറ്റുമുള്ള കുറ്റിച്ചെടികൾ ഒഴിവാക്കുക.
    •ചെള്ളുകടിയേല്ക്കാതിരിക്കാൻ ഫുൾ സ്ലീവ് ഷർട്ടുകൾ, പാന്റ്  എന്നിവ ധരിക്കുക.
    ജോലി കഴിഞ്ഞു വന്നാൽ വസ്ത്രം മാറുകയും കുളിക്കുകയും ചെയ്യുക.
    പനി, ശരീരം വിറയൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഡോക്ടറെ കാണിക്കുക.

എലിപ്പനി പ്രതിരോധ മാർഗ്ഗങ്ങൾ :
    ചെളിയിലും വെള്ളത്തിലും ജോലി ചെയ്യുന്ന എല്ലാവരും ആഴ്ചയിലൊരിയ്ക്കൽ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക.
    ചെളിയിലും വെള്ളത്തിലും ഇറങ്ങുന്നവർ കയ്യുറ, ഗംബൂട്ട് എന്നിവ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
    പനി, ശരീരം വേദന, കണ്ണിന് ചുറ്റും വേദന, മൂത്രത്തിന് മഞ്ഞനിറം എന്നിവ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടുക.
    വീട്ടിൽ കന്നുകാലികൾ, വളർത്തു മൃഗങ്ങൾ എന്നിവയുണ്ടെങ്കിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർ അടിയന്തിരമായി ഡോക്ടറെ കാണേണ്ടതും വീട്ടിൽ വളർത്തു മൃഗങ്ങൾ ഉള്ള വിവരം ഡോക്ടറെ അറിയിക്കേണ്ടതുമാണ്.

പനി ബാധിച്ചാൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര‍്യങ്ങൾ :
    പനി ബാധിച്ചവർ മറ്റുള്ളവരുമായി (പ്രത്യേകിച്ച് കുട്ടികൾ, മറ്റ് അസുഖബാധിതർ, ഗർഭിണികൾ എന്നിവരുമായി) സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കേണ്ടതാണ്.
    മാസ്ക് ധരിക്കേണ്ടതാണ്.
    ഏതൊരു പനിയായാലും സ്വയം ചികിത്സ ഒഴിവാക്കേണ്ടതും ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മരുന്ന് കഴിക്കേണ്ടതുമാണ്.
    കൈകൾ ഇടയ്ക്കിടെ വൃത്തിയുള്ള വെള്ളത്തിൽ കഴുകുക.
    തിളപ്പിച്ചാറിയ വെള്ളം 3-4 ലിറ്ററെങ്കിലും ദിവസേന കുടിക്കുക.
    തുമ്മുമ്പോഴും ചുമയ്ക്കുമ്പോലും തൂവാല ഉപയോഗിക്കുക.
    ഇടയ്ക്കിടയ്ക്ക് കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക.
    ഡെങ്കിപ്പനി ലക്ഷണങ്ങൾ ആണെങ്കിൽ കൊതുക് കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
    പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക.
    തുടർച്ചയായ വയറുവേദന, തുടർച്ചയായ ഛർദ്ദി, ശരീരത്തിൽ നീര്, വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരിക, കൂടുതൽ ക്ഷീണം അനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തിരമായി ഡോക്ടറെ കാണുക.

ചെറിയ രോഗലക്ഷണം മാത്രമുള്ളതിനാൽ ഡോക്ടറെ കണ്ട ശേഷം ഡോക്ടറുടെ നിർദ്ദേശാനുസരണം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
    നന്നായി വിശ്രമിക്കുക.
    തിളപ്പിച്ചാറ്റിയ വെള്ളം 3-4 ലിറ്ററെങ്കിലും ദിവസേന കുടിക്കുക.
    വീട്ടിലെ മറ്റ് രോഗമുള്ളവർ, മുതിർന്നവർ, ഗർഭിണികൾ, കുട്ടികൾ എന്നിവരുമായി സമ്പർക്കത്തിൽ വരാതിരിക്കുക.
    വീട്ടിനകത്തും മാസ്ക് ധരിക്കുക.
    പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.
    തുടർച്ചയായ വയറുവേദന, തുടർച്ചയായ ഛർദ്ദി, ശരീരത്തിൽ നീര്, വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരിക, കൂടുതൽ ക്ഷീണം അനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തിരമായി ഡോക്ടറെ കാണുക.

ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കേണ്ട മാർഗ്ഗങ്ങൾ :
    ആശുപത്രിയിൽ വരുന്ന ഏതൊരു പനിയും പകർച്ചപ്പനിയായി കണ്ട് സ്വയം സംരക്ഷണം ഉറപ്പ് വരുത്തുക. 
    മാസ്ക്, ഗ്ലൗസ്സ് എന്നിവ ധരിക്കുക.
    ഡെങ്കിപ്പനി ബാധിതർ വാർഡിൽ ഉണ്ടെങ്കിൽ കൊതുകുവല നല്കിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.
    ആശുപത്രി പരിസരത്ത് കൊതുക് വളരാനുള്ള സാഹചര്യം ഇല്ല എന്ന് ഉറപ്പ് വരുത്തുക.
    ഉപയോഗിക്കുന്ന കസേര, മേശ, മറ്റ് ഫർണ്ണീച്ചറുകൾ എന്നിവ ഇടയ്ക്കിടെ അണുവിമുക്തമാക്കുക.
    പനിലക്ഷണം ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകൾ കൃത്യമായ ചികിത്സ തേടുക.


ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർ ശ്രദ്ധിക്കേണ്ട കാര‍്യങ്ങൾ :
    രോഗിയെ കാണാൻ വരുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുക.
    രോഗിക്ക് കൃത്യമായ ഇടവേളകളിൽ തിളപ്പിച്ചാറ്റിയ വെള്ളം നല്കുക.
    രോഗിക്ക് കൊതുക് കടിയേല്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
    സ്വയം കൊതുക് കടിയേല്ക്കാതിരിക്കാൻ ശരീരത്തിൽ ലേപനങ്ങൾ പുരട്ടുക.
    മാസ്ക് ധരിക്കുക.

    കൂടാതെ  ക്രിസ്തുമസ്  ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി വലിയ തോതിലുള്ള ജനക്കൂട്ടം സംഘടിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും മാസ്ക് ധരിക്കുക.
    മേളകളും ഉത്സവങ്ങളും ഉള്ള സ്ഥലങ്ങളിൽ പൊതുശൗചാലയം സ്ഥാപിക്കേണ്ടതാണ്. 
    ശീതള പാനീയങൾ വൃത്തിയുള്ള വെള്ളം കൊണ്ട് തയ്യാറാക്കിയതാണെന്ന് ഉറപ്പുവരുത്തുക
    .വാണിജ്യ ആവശ്യങ്ങൾക്കുള്ള ഐസ് ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്നില്ലായെന്നു ഉറപ്പുവരുത്തുക 
    വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്ന് ഭക്ഷണം,പാനീയങ്ങൾ വാങ്ങി കഴിക്കാതിരിക്കുക.

                                                        ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
                                                                                    എറണാകുളം

date