Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ പരിഹാരം; മുഹമ്മദ് ബാസിമിന് പരീക്ഷ എഴുതാം

 

സിറ്റിംഗിൽ രണ്ട് പരാതികൾ തീർപ്പാക്കി

മഹാരാജാസ് കോളേജിലെ കൊമേഴ്സ് വിഭാഗം അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായ മുഹമ്മദ് ബാസിമിന്റെ പരാതിയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ പരിഹാരം. ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായ അഡ്വ.എ എ റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന സിറ്റിംഗിലാണ് പരിഹാരം.

അഞ്ചാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ചുവെന്നും എന്നാൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഫീസ് അടച്ചതിലെ അപാകതകൾ കാണിക്കുകയും ചെയ്തു. തുടർന്ന് പരീക്ഷയെഴുതാൻ സാധിക്കാത്ത സാഹചര്യം പരീക്ഷാ കൺട്രോളറെ അറിയിക്കുകയും പരീക്ഷ എഴുതുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ അനുകൂലമായ നടപടികൾ ലഭിക്കാത്തതുമൂലമാണ് ബാസിം ന്യൂനപക്ഷ കമ്മീഷനിൽ പരാതി നൽകിയത്. 

സിറ്റിംഗിൽ വിദ്യാർത്ഥിയുടെ പരാതി പരിശോധിച്ചു. അഞ്ചാം സെമസ്റ്ററിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ നിലവിലെ നിയമ പ്രകാരം ഹാൾടിക്കറ്റ് നൽകാൻ സാധിച്ചിട്ടില്ല. എന്നാൽ വിദ്യാർത്ഥിക്ക് അഞ്ചാം സെമസ്റ്റർ സേ പരീക്ഷയിൽ പ്രത്യേക സാഹചര്യം പരിഗണിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി എല്ലാ പരീക്ഷകളും എഴുതാനുള്ള നടപടി സ്വീകരിക്കുമെന്ന് പരീക്ഷാ കൺട്രോളർ സിറ്റിംഗിൽ അറിയിച്ചു.

കടമക്കുടി വില്ലേജിൽ ചെറിയ കടവിൽ സി.സി അഗസ്റ്റിന്റെ സ്ഥലം സംബന്ധിച്ച പരാതിയിലും സിറ്റിംഗിൽ പരിഹാരമായി. അഗസ്റ്റിന്റെ പേരിലുള്ള ഭൂമിയിൽ താലൂക്ക് സർവേയർ സ്ഥല പരിശോധന നടത്തിയപ്പോൾ തണ്ടപ്പേരിൽ നിന്നും നിശ്ചിത സ്ഥലം തെറ്റായി രേഖപ്പെടുത്തി പോക്കുവരവ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തെറ്റായി രേഖപ്പെടുത്തിയ സ്ഥലം അഗസ്റ്റിന്റെ തണ്ടപ്പേരിൽ കൂട്ടിച്ചേർത്ത് വസ്തുവിന് നികുതി സ്വീകരിക്കുന്നതിനും  കരം അടച്ച രസീതും, ആർ ഓ ആർ സർട്ടിഫിക്കറ്റും അനുവദിച്ചിട്ടുണ്ടെന്നും സിറ്റിംഗിൽ അറിയിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ ഏഴ് പരാതികൾ പരിഗണിക്കുകയും രണ്ടെണ്ണം തീർപ്പാക്കുകയും ചെയ്തു. പുതിയതായി മൂന്ന് പരാതികൾ സ്വീകരിച്ചു.

date