Skip to main content

സൂക്ഷ്മ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് സംസ്ഥാനതല സെമിനാറുമായി ന്യൂനപക്ഷ കമ്മിഷൻ സംഘാടകസമിതി രൂപീകരിച്ചു 

 

സൂക്ഷ്മ ന്യൂനപക്ഷങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട്  
ന്യൂനപക്ഷ കമ്മിഷൻ

സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാറിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപെട്ട് കമ്മീഷൻ ചെയർമാൻ  എ.എ. റഷീദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജനുവരി മാസത്തിൽ എറണാകുളത്ത് സെമിനാർ സംഘടിപ്പിക്കും.

സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, പാഴ്സി, സിഖ്, ജൈന തുടങ്ങിയ വിഭാഗങ്ങളുടെ നിലവിലെ വിദ്യാഭ്യാസ സാമ്പത്തിക സാമൂഹിക പശ്ചാത്തലങ്ങൾ വിലയിരുത്തി അഭിപ്രായ രൂപീകരണം നടത്തി ആവശ്യമായ നിർദേശങ്ങൾ സർക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷൻ സെമിനാർ സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. ഇവരുടെ വിവരശേഖരണം നടത്തുന്നതിനും ഈ വിഭാഗങ്ങളിലും ആളുകളുടെ നിശ്ചിത എണ്ണം കണക്കാക്കുന്നതിനും കേരളം മീഡിയ അക്കാദമിയുമായി ചേർന്ന് സർവ്വേ നടത്താൻ തീരുമാനിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
 സെമിനാറിൽ ഈ വിഭാഗങ്ങൾക്ക് തങ്ങൾ നേരിടുന്ന പ്രതിസന്ധികളും ആവശ്യങ്ങളും രേഖപ്പെടുത്താൻ അവസരം ഒരുങ്ങും.

യോഗത്തിൽ വിവിധ സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി. സാമൂഹിക സാമ്പത്തിക പശ്ചാത്തലം, വിദ്യാഭ്യാസ ആനുകൂല്യം, ജോലി സംവരണം , സാംസ്കാരികം, പൈതൃക സംരക്ഷണം  തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായം ഉയർന്നു.

 യോഗത്തിൽ സംസ്ഥാനതല സെമിനാറിന്റെ മുന്നോടിയായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് എസ്.  ഷാജഹാനെ കോ- ഓഡിനേറ്ററായും ബുദ്ധ ഭാരത് സംഘ്  സംസ്ഥാന സെക്രട്ടറി വിജയൻ മാമ്മൂടിനെ ചെയർമാനായും വയനാട് ജൈൻ സേവാ സമാജ്  ഡയറക്ടർ മഹേന്ദ്ര കുമാറിനെ കൺവീനറുമായി  തിരഞ്ഞെടുത്തു. 

 എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ എ. സെയ്‌ഫുദീൻ, പി. കെ റോസി, സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date