Skip to main content

ചടയമംഗലം നവകേരള സദസ് നടപ്പിലാക്കുന്നത് നാടിന്റെ അഭിവൃദ്ധി മുന്നില്‍കണ്ടുള്ള നയം - മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിന്റെ അഭിവൃദ്ധിയും ജനങ്ങളെയും മുന്നില്‍ക്കണ്ടുള്ള നയമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടയ്ക്കല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനത്ത് ചടയമംഗലം മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനങ്ങള്‍ക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്ന കാലത്താണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഈ അവസ്ഥയില്‍ നിന്നാണ് ഓരോ മേഖലയേയും സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. അതിനു കഴിഞ്ഞത് ജനങ്ങള്‍ സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസമാണ്.  

ഒരു പ്രശ്‌നവുമില്ലാതെ പോകാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. പക്ഷേ ബന്ധപ്പെട്ടവരുടെ കേരള വിരുദ്ധ സമീപനം മൂലം വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കേണ്ടി വരുന്നു. നാടിന്റെ മൊത്തം വരുമാനത്തില്‍ ലഭിക്കേണ്ട വിഹിതവുമുണ്ട്. ഈ വിഹിതം ലഭിക്കുന്നതില്‍ വലിയ വിവേചനം നേരിടുന്നു. വലിയ കുറവുണ്ടാകുന്നു. നികുതി വിഹിതം വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കുന്നതില്‍ സുതാര്യതയില്ല. സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വിഹിതത്തില്‍ വലിയ കുറവാണ് ഉണ്ടായത്. റവന്യൂ കമ്മിയുടെ ഭാഗമായുള്ള ഗ്രാന്റിലും വലിയ കുറവ് വന്നു.

സംസ്ഥാനങ്ങളുടെ അവകാശമാണ് കടമെടുപ്പ്. എന്നാല്‍ ഭരണഘടനാ വിരുദ്ധമായി ഇതില്‍ ഇടപെടുന്നു. സംസ്ഥാനത്തിന് ആവശ്യമായ തുകയില്‍ വലിയ കുറവ് വരുത്തുന്നു. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടയുകയാണ്. കിഫ്ബി, ക്ഷേമപെന്‍ഷനു വേണ്ടിയുള്ള കമ്പനി പോലുള്ള ഏജന്‍സികള്‍ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടമായി പരിഗണിക്കുകയാണ്.

ഓഖി, കോവിഡ്, നിപ്പ, രണ്ടു പ്രണയങ്ങള്‍ തുടങ്ങിയവയെല്ലാം അതിജീവിച്ച സംസ്ഥാനമാണ് നമ്മുടേത്. പ്രളയത്തില്‍ തകര്‍ന്ന നാടിനെ കരകയറ്റാന്‍ നമ്മളെ തേടിയെത്തിയ സഹായങ്ങള്‍ പോലും ചിലരുടെ നിലപാടിനെ തുടര്‍ന്ന് നമുക്ക് നിഷേധിക്കപ്പെട്ടു. ദുരന്തങ്ങള്‍ ഒന്നിച്ചു നിന്നാണ് നേരിടേണ്ടത്. എന്നാല്‍ ആ അവസ്ഥയിലും ചിലര്‍ മാറിനിന്നു. സംസ്ഥാനത്തെ ദ്രോഹിക്കുന്ന നിലപാട് സ്വീകരിച്ചു.

നാടിന്റെ വികസനത്തിനായി ഉള്ള ഈ യാത്രയോടും തെറ്റായസമീപനമാണുള്ളത്. നാടിന്റെ പുരോഗതിക്കായുള്ള പരിപാടിയാണ് നവകേരള സദസ്. ഓരോ സദസിലും എത്തുന്ന പതിനായിരങ്ങള്‍ കേരളത്തിന്റെ ആകെ ഭാഗമാണ്. ഭേദചിന്തയില്ലാതെ നാട് ഒന്നിക്കുകയാണ്. നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള ചിലരുടെ തീരുമാനത്തെ ജനങ്ങള്‍ തള്ളിക്കളയുകയാണ്. ജനവികാരം മനസ്സിലാക്കി അവരെല്ലാം നാടിന്റെ ന•യ്ക്കായി ഒന്നായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

റവന്യു, ഭവന വകുപ്പ് മന്ത്രി കെ. രാജന്‍, ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ സംസാരിച്ചു. മണ്ഢലം എം.എല്‍.എയും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രിയുമായ ജെ. ചിഞ്ചുറാണി അധ്യക്ഷയായി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, റോഷി അഗസ്റ്റിന്‍, പി.എ. മുഹമ്മദ് റിയാസ്, വീണ ജോര്‍ജ്, ജി.ആര്‍. അനില്‍, എം.ബി. രാജേഷ്, ആര്‍. ബിന്ദു, വി. അബ്ദുറഹ്മാന്‍, കെ. രാധാകൃഷ്ണന്‍, വി.എന്‍. വാസവന്‍, കെ. കൃഷ്ണന്‍കുട്ടി, സജി ചെറിയാന്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ജില്ല കലക്ടര്‍ എന്‍ ദേവിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date