Skip to main content

ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിന് അംഗീകാരം നല്‍കിയതായി മന്ത്രി കെ. രാജന്‍

ശബരിമല വിമാനത്താവളത്തിന് 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയ്ക്ക് റവന്യു വകുപ്പ് ഔപചാരികമായി അംഗീകാരം നല്‍കിയതായി റവന്യു ഭവന വകുപ്പ് മന്ത്രി കെ രാജന്‍. കടയ്ക്കല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനത്ത് ചടയമംഗലം മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സിക്‌സ് വണ്‍ നോട്ടിഫിക്കേഷനും ഫോര്‍ വണ്‍ നോട്ടിഫിക്കേഷനും പ്രസിദ്ധീകരിച്ചിരുന്നു. ശേഷം നടത്തിയ സാമൂഹിക ആഘാത പഠനറിപ്പോര്‍ട്ട് വിദഗ്ധസമിതിയ്ക്ക് മുമ്പില്‍വന്നു. ഇത് വിശദമായി പരിശോധിച്ചശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.

കുമ്മിള്‍ പഞ്ചായത്തില്‍ 46 പേര്‍ക്ക് മിച്ചഭൂമി പട്ടയം തയ്യാറായിട്ടുണ്ടെന്നും അത് ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞതവണ പട്ടയം നല്‍കിയ 14 പേര്‍ക്ക് നികുതി അടയ്ക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടായിരുന്നത് പരിഹരിച്ചു. വട്ടപ്പാട് കോളനിയില്‍ ഏഴ് കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. കുമ്മിള്‍ ഐ.ടി.ഐ.യ്ക്ക് 1.94 ഏക്കര്‍ സ്ഥലം അനുവദിച്ചു. കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്ക് 20 സെന്റ് സ്ഥലം, കോടതി സമുച്ചയത്തിന് 50 സെന്റ്, ചടയമംഗലം വലിയപാതച്ചെരുവില്‍ കുടിവെള്ള പദ്ധതിക്കായി 20 സെന്റ് സ്ഥലം എന്നിവയും അനുവദിച്ചു. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

എല്ലാവര്‍ക്കും ഭൂമി എന്ന സ്വപ്ന സഫല്യത്തിലേക്ക് സര്‍ക്കാര്‍ അടുക്കുകയാണ്. ഇതിന്റെ ഭാഗമായി മൂന്നുലക്ഷം പട്ടയങ്ങളാണ് ഏഴ് വര്‍ഷം കൊണ്ട് വിതരണം ചെയ്തത്. ലൈഫ് മിഷനിലൂടെ 3.84 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. അടിസ്ഥാനസൗകര്യങ്ങളും അധ്യാപകരും ഇല്ലാത്തതിന്റെ പേരില്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടുന്ന അവസ്ഥയില്‍ നിന്ന് പൊതുവിദ്യാഭ്യാസത്തെ മികച്ച നിലവാരത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിനായി. 10 ലക്ഷം വിദ്യാര്‍ഥികളാണ് പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുടെ പേരില്‍ ഒരു സ്‌കൂളും അടച്ചുപൂട്ടില്ല എന്ന് ഉറച്ച നിലപാടെടുത്ത സര്‍ക്കാരാണ് ഇതെന്നും മന്ത്രി പറഞ്ഞു.

date