Skip to main content

പുത്തൂര്‍ സമാന്തര പാലം; ഭൂമി ഏറ്റെടുക്കാന്‍ അനുമതിയായി

മണലി പുഴക്ക് കുറുകെ പുത്തൂര്‍ സമാന്തര പാലം നിര്‍മ്മാണത്തിനായി 0.0900 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. നടത്തറ വില്ലേജിലെ 0.032 ഹെക്ടര്‍ സ്ഥലവും, കൈനൂര്‍ വില്ലേജിലെ 0.058 ഹെക്ടര്‍ സ്ഥലവുമാണ് സമാന്തര പാലം നിര്‍മ്മാണത്തിനായി ഏറ്റെടുക്കുക. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള റോഡ് വികസനത്തിന്റെ ഭാഗമായാണ് പുത്തൂരില്‍ സമാന്തര പാലം നിര്‍മ്മിക്കുന്നത്. പുത്തൂര്‍ മുതല്‍ പയ്യപ്പിള്ളിമൂല വരെ 15 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മാണം ആരംഭിക്കുന്നത്.

പുത്തൂര്‍ നിവാസികളുടെ ഏറെ കാലത്തെ സ്വപ്നമാണ് ഈ റോഡ് വരുന്നതിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്. അത്തരത്തില്‍ 15 മീറ്റര്‍ വീതിയില്‍ റോഡ് വീതി കൂട്ടുമ്പോള്‍ നിലവിലുള്ള പുത്തൂര്‍ പാലം മതിയാകാതെ വരുന്ന സാഹചര്യമുണ്ടാകും. അതിനാലാണ് സമാന്തരമായി മറ്റൊരു പാലംകൂടി നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്. ഭൂമി ഏറ്റെടുക്കാനുള്ള അനുമതി ലഭിച്ചത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ദ്ധിക്കും. ഭൂമി ഏറ്റെടുക്കാനുള്ള മുഴുവന്‍ നടപടികളും വളരെ വേഗത്തില്‍ തന്നെ പൂര്‍ത്തീകരിച്ച് പാലം നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.

date