Skip to main content

സരസിൽ നിറഞ്ഞ് കൊച്ചി; കേരളം മുതൽ കാശ്മീർ വരെ ഒരു  കുടക്കീഴിൽ

 

കേരളം മുതൽ കാശ്മീർ ആന്റ് ലഡാക്ക് വരെ ഇന്ത്യയുടെ വസ്ത്ര വൈവിധ്യങ്ങളും കരകൗശല ഉപകരണങ്ങളും ഭക്ഷണ രീതികളും ഒരു കുടക്കീഴിൽ ലഭ്യമാക്കി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച പത്താമത് ദേശീയ സരസ് മേള. കാശ്മീരിലെ   യൂണിറ്റുകളിൽ നെയ്തെടുത്ത ഷാളുകൾ മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ കുടുംബശ്രീ സംരംഭകർ ഉല്പാദിപ്പിക്കുന്ന വിവിധയിനം ഉൽപ്പന്നങ്ങൾ  വില്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. 

കാശ്മീർ ആന്റ് ലഡാക്കിലെ യൂണിറ്റുകളിൽ നെയ്തെടുത്ത ഹാൻഡ് വർക്ക് ചെയ്ത പഷ്മിന സിൽക്ക് ഷാളുകൾ, സിൽക്ക്, വൂൾ, മുഗ സിൽക്ക് സാരികളുമായി കാശ്മീരിൽ നിന്നുള്ള ഐജാസിൻ്റെ സരസ് മേളയിലേക്കുള്ള രണ്ടാമത്തെ  പ്രവേശനമാണ്. ഒറീസയിൽ നെയ്തെടുത്ത  കാശ്മീരിലെ യൂണിറ്റുകളിൽ ഹാൻഡ് വർക്ക് ചെയ്തത സാരികളും ഇവിടെയുണ്ട്. 20% വിലക്കുറവിൽ ആണ് കാശ്മീർ വസ്ത്രങ്ങൾ സ്റ്റാളിൽ നിന്നും നൽകുന്നത്.

ഛത്തീസ്ഗഡിൽ നിന്നുള്ള മധുവനി ബ്ലോക്ക് പ്രിൻ്റ്, ബാട്ടിക്, മാർവൽ, ചന്തേരി തുടങ്ങി ഛത്തീസ്ഗഡിന്റെ തനത് വസ്ത്ര രീതികളുമായാണ് കുറേശ്വർ  സൂര്യവംശി വീണ്ടും സരസിന്റെ ഭാഗമാകാൻ കൊച്ചിയിൽ എത്തിയത്. ബാട്ടിക് സിൽക്ക് സാരി, മുഗ സിൽക്ക്, ഖാദി വസ്ത്രങ്ങൾ തുടങ്ങി ത്രിപുരയുടെ വൈവിധ്യങ്ങളുമായാണ് നദീം ആദ്യമായി സരസ് മേളയിലേക്ക് എത്തിയത്.

അവലോസുപൊടി, ഹൽവ, മിൽക്ക് കേക്ക്, ചക്കക്കുരു ചമ്മന്തി, പപ്പടം തുടങ്ങി ചക്ക കൊണ്ടുള്ള 60ൽ പരം ഉത്പന്നങ്ങളുമായാണ് ആലപ്പുഴയിലെ സംരംഭകരായ സ്നേഹയും ജ്യോതിയും കൊച്ചിയിലെ സരസിൽ എത്തിയത്.

ഉത്തരേന്ത്യൻ വസ്ത്രങ്ങളായ ഹാഫ് ജാക്കറ്റുകൾ, ഖാദി കുർത്തികൾ, ഷർട്ടുകൾ, ഷിഫോൺ വർക്ക് പട്യാല ചുരിദാർ സെറ്റുകൾ, ടസ്സർ, മുഗ സിൽക്ക്, കോട്ടൺ ബ്ലോക്ക് പ്രിന്റ് വസ്ത്രങ്ങൾ മുതൽ ലെതർ ഹാൻഡ് ബാഗുകൾ, ക്ലച്ചുകൾ, ചെരുപ്പുകൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ  തുടങ്ങിയവയും ദക്ഷിണേന്ത്യയിലെ മുഖ്യ ആകർഷണങ്ങളായ ബ്ലോക്ക് പ്രിൻ്റ് സാരികളും, ചുരിദാർ സെറ്റുകളും, കരകൗശല ഉൽപ്പന്നങ്ങളും, സുഗന്ധദ്രവ്യങ്ങൾ, ഭക്ഷണപാനീയങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കി കൊച്ചിക്കാർക്ക് പ്രിയമായി കൊണ്ടിരിക്കുകയാണ് സരസ് മേള.

ഇത്തരത്തിൽ കേരളത്തിലെ 14 ജില്ലകളിലെയും ഹരിയാന, ജാർഖണ്ഡ്, കർണാടക, ആന്ധ്ര പ്രദേശ്, 
കാശ്മീർ ആൻഡ് ലഡാക്ക്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്
മഹാരാഷ്ട്ര, മേഘാലയ, ഗോവ, പഞ്ചാബ്, തമിഴ്നാട്, മേഘാലയ എന്നിവിടങ്ങളിലെ വിവിധ വൈവിധ്യങ്ങളും കേരളീയ വൈവിധ്യങ്ങളും കോർത്തിണക്കി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ എത്തുന്നവർക്ക് പൊതു അനുഭവം സൃഷ്ടിക്കുകയാണ് പത്താമത് ദേശീയ സരസ് മേള.

date