Skip to main content

സരസ് മേള : രുചിക്കൂട്ടുകൾ പരിചയപ്പെടുത്തി 'മീഡിയ@ ഇന്ത്യ ഫുഡ് കോർട്ട്' 

 

കൊച്ചി ദേശീയ സരസ് മേളയുടെ  ഭാഗമായി ഒരുക്കിയിരിക്കുന്ന  'കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ട്'  വിശേഷങ്ങൾ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്താൻ 'മീഡിയ @ ഇന്ത്യ ഫുഡ് കോർട്ട്' പരിപാടി സംഘടിപ്പിച്ചു.

സരസ് മേളയുടെ  പ്രധാന ആകർഷണമാണ് കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ട്. ഇന്ത്യൻ രുചി വൈവിധ്യങ്ങൾ കോർത്തിണക്കിയ 39 സ്റ്റാളുകളാണ് ഫുഡ് കോർട്ടിൽ  ക്രമീകരിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെ 12 സംസ്ഥാനളിൽ നിന്നുള്ള തനത് വിഭവങ്ങൾക്കാണ് ഓരോ സ്റ്റാളുകളിലും പ്രാമുഖ്യം നൽകിയിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലെയും രുചി വൈവിധ്യങ്ങളും ആദിവാസി ഗോത്ര മേഖലയിലെ അട്ടപ്പാടി തിരുനെല്ലി മേഖലയിലെ സ്റ്റാളുകളും ഉൾപ്പെടുന്നതാണ് ഭക്ഷ്യമേള.

25 നു മുകളിൽ ബിരിയാണികളും 150ൽ പരം ജ്യൂസുകളും ഇരുന്നൂറോളം മധുര വിഭവങ്ങളും അന്യംനിന്നു പോകുന്ന മറ്റനേകം ഭക്ഷണങ്ങളും മേളയിൽ അണിനിരക്കുന്നു. 600ൽ പരം ആളുകൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള ഡൈനിങ് ഏരിയയാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഏകദേശം 200 വനിതകളാണ് ഈ ബൃഹത്തായ മേളയുടെ അടുക്കള നിയന്ത്രിക്കുന്നത്. ക്ലീനിങ്ങിനും മറ്റുമായി  60 പേർ  വേറെയുമുണ്ട്. ഇതിനോടകം തന്നെ  കൊച്ചി ഭക്ഷ്യമേളയെ  ഏറ്റെടുത്തു കഴിഞ്ഞു. സ്ത്രീകളും കുട്ടികളും യുവാക്കളും അടക്കം  നിരവധി പേരാണ് ഇന്ത്യൻ രുചി വൈവിധ്യങ്ങൾ  അടുത്തറിയാൻ മേളയിലേക്ക് ഒഴുകിയെത്തുന്നത്. 

പരിപാടിയിൽ വിവിധ സ്റ്റാളുകളിൽ നിന്നുള്ള പ്രതിനിധികൾ മാധ്യമപ്രവർത്തകരുമായി സംവദിച്ചു. അട്ടപ്പാടിയിൽ നിന്നുള്ള ജോമോൾ, ട്രാൻസ്ജെൻഡർ അമൃത, സക്കീമിൽ നിന്നുള്ള സബിത, മഹാരാഷ്ട്രയിൽ നിന്നുള്ള മീനു, അരുണാചൽ പ്രദേശിൽ നിന്നുള്ള ടെസ്റിങ് യാങ്ചിൻ, കാസർകോട് നിന്നുള്ള  സരസ്വതി എന്നിവരാണ് തങ്ങളുടെ സ്റ്റാളുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. പരിപാടിയുടെ ഭാഗമായി വിവിധ രുചി വൈവിധ്യങ്ങൾ ഉൾപ്പെടുത്തി സ്നേഹവിരുന്നും ഒരുക്കി.

പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ ടി.എം റജീന, ഭക്ഷ്യ മേഖലയിൽ കുടുംബശ്രീയുടെ പരിശീലന ഏജൻസിയായ  ഐഫ്രമ്മിന്റെ സി.ഇ.ഒ അജയ് കുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date