Skip to main content
സർഗ്ഗസമേതവും  ഗോത്രസമേതവും ജനുവരിയിൽ

സർഗ്ഗസമേതവും ഗോത്രസമേതവും ജനുവരിയിൽ

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഉപജില്ലാ കലോത്സവങ്ങളിൽ കഥ, കവിത ലേഖനം, ചിത്രരചന എന്നീ ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കായി സർഗ്ഗസമേതം സംഘടിപ്പിക്കും. ഈ വർഷം നടക്കുന്ന എസ് എസ് എൽ സി പരീക്ഷ എഴുതുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി മൂന്നു ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിക്കാനും സമേതം കോർ കമ്മിറ്റി തീരുമാനിച്ചു.

12 ഉപജില്ലകളിൽ നിന്നായി, ഓരോ ഇനത്തിനും രണ്ടു പേരും വിദ്യാരംഗം കലാ സാഹിത്യവേദി നടത്തിയ മേൽ മത്സരങ്ങളിൽ വിജയിച്ച കുട്ടിയുമടക്കം ഓരോ ഇനത്തിലും 3 പേർ വീതം പങ്കെടുക്കണം. ജനുവരി 20, 21തിയതികളിൽ കിലയിൽ നടക്കുന്ന സർഗ്ഗസമേതം ക്യാമ്പിൽ വിദഗ്ധരായ പാനൽ പങ്കെടുക്കും.

ജില്ലയിൽ 130 ഓളം പട്ടികവർഗ്ഗ വിദ്യാർത്ഥികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. ഈ കുട്ടികൾക്കുള്ള 3 ദിവസത്തെ ക്യാമ്പിൽ, വിവിധ വിഷയങ്ങളിൽ അധ്യാപകർ ക്ലാസ്സെടുക്കും. ആത്മവിശ്വാസം വർധിപ്പിക്കാനും ജീവിതനൈപുണീ വികാസത്തിനും ഉതകുന്നതാണ് ക്ലാസ്സുകൾ. കൂടാതെ, ശാസ്ത്രമേളയുമായും മറ്റു ശാസ്ത്രമത്സരങ്ങളുമായി ബന്ധപ്പെട്ടും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രദേശത്തെ കോളേജ് ലാബ് സന്ദർശനം, ശാസ്ത്രക്ലാസുകൾ എന്നിവയും സംഘടിപ്പിക്കും.

പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സൗഹൃദസമേതം, ശാസ്ത്രസമേതം, ഹരിതസമേതം, ശുചിതസമേതം, അനന്യസമേതം, ലിറ്റിൽ തിയേറ്റർ തുടങ്ങിയവയുടെ അവലോകനവുംനടന്നു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി വി മദനമോഹനൻ, സമേതം അസി കോർഡിനേറ്റർ വി മനോജ്‌, ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ വി എം കരീം,പ്രൊഫ ടി വി വിമൽകുമാർ,എം എൻ ബർജിലാൽ, പി പി പ്രകാശ് ബാബു,ഫഹ്‌മിദ,സി ടി ജെയിംസ്, ജോൺസൺ, അഖിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം ഒഴിയുന്ന പി കെ ഡേവിസ് മാസ്റ്ററെ യോഗത്തിൽ ഉപഹാരം നൽകി ആദരിച്ചു.

date