Skip to main content
വയോജനങ്ങൾക്ക് കരുതലായി അരിമ്പൂരിൽ സന്നദ്ധ സേന

വയോജനങ്ങൾക്ക് കരുതലായി അരിമ്പൂരിൽ സന്നദ്ധ സേന

വയോജനങ്ങൾക്ക് കരുതലായി അരിമ്പൂരിൽ ആയിരം സന്നദ്ധ പ്രവർത്തകർ സജ്ജമാവുന്നു. വയോജന സേവനങ്ങൾക്കായി ഗ്രാമപഞ്ചായത്തിൽ തയ്യാറായ വളന്റിയർമാർക്കുള്ള ദിദ്വിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. 
വയോജനങ്ങൾ നേരിടുന്ന മനോവിഷമങ്ങളും ആരോഗ്യ പ്രശ്നങ്ങളും വ്യക്തിഗത പരിപാലന മാതൃകയിലൂടെ പരിഹരിക്കാൻ  സേവനമൊരുക്കുകയാണ് അരിമ്പൂർ ഗ്രാമ പഞ്ചായത്ത്. ആയിരം സന്നദ്ധ പ്രവർത്തകരെയാണ് ഇതിനായി സജ്ജമാക്കുന്നത്. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 14, 15 വാർഡുകളിലെ പ്രവർത്തകർക്കാണ് പരിശീലനം നടത്തുന്നത്. തുടർന്ന് എട്ട് പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കപ്പെടുന്നതോടെ എല്ലാ വാർഡുകളിലേക്കും സന്നദ്ധപ്രവർത്തകർ സജ്ജമാകും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, അങ്കണവാടികളുടെ വയോജന ക്ലബ്ബുകൾ തുടങ്ങിയവയിലൂടെയാണ് സന്നദ്ധരായവരെ കണ്ടെത്തുന്നത്. അവശ്യഘട്ടങ്ങളിൽ സേവനം തൊഴിൽ ദിനങ്ങൾ ആക്കി പരിവർത്തനപ്പെടുത്താനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.

പരിശീലനത്തിന് ശേഷം സന്നദ്ധ പ്രവർത്തകരെ രണ്ടുപേർ അടങ്ങുന്ന ഗ്രൂപ്പുകളാക്കി തിരിക്കും. കിടപ്പു രോഗികൾ, വീടിനകത്ത് മാത്രം സഞ്ചരിക്കാൻ ശേഷിയുള്ളവർ, ഏകാന്തത അനുഭവിക്കുന്നവർ തുടങ്ങിയവർക്ക് വീട്ടിൽ സേവനം എത്തിക്കാനാണ് ലക്ഷ്യം.
 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള ആരോഗ്യ സർവകലാശാല, ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ എന്നിവരുടെ അക്കാദമിക് പിന്തുണയോട് കൂടിയാണ് പരിശീലനങ്ങൾ ഒരുങ്ങുന്നത്. 

വിദഗ്ധ പരിശീലനം ആവശ്യമുള്ളവരെ കണ്ടെത്തി അരിമ്പൂർ ഫാമിലി ഹെൽത്ത് സെൻറർ, ജില്ലാ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി, എന്നിവിടങ്ങളിൽ പരിശീലനം നൽകും. സേവനത്തിന് ചെലവഴിക്കുന്ന മണിക്കൂറുകൾ അവരവരുടെ ടൈം ബാങ്കിൽ നിക്ഷേപിച്ച് അടുത്ത ഒക്ടോബർ ഒന്ന് വയോജന ദിനത്തിൽ സന്നദ്ധപ്രവർത്തകരെ ആദരിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സജീഷ് സി ജി, വാർഡ് മെമ്പർമാരായ സലിജ ടീച്ചർ, ജില്ലി വിൽസൺ, വി കെ ഉണ്ണികൃഷ്ണൻ, ഐസിഡിഎസ് സൂപ്പർവൈസർ ഭാഗ്യം കെഎം, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വയോജനങ്ങൾ നേരിടുന്ന എല്ലാ മേഖലകളിലെ പ്രശ്നങ്ങളെയും പരിഹാരമാർഗ്ഗങ്ങളെയും  സംബന്ധിച്ച് വിദ്ഗ്ധർ ക്ലാസുകളും നയിച്ചു.

date