Skip to main content

തമ്മനം നഗര കുടുംബാരോഗ്യകേന്ദ്രത്തിന് വീണ്ടും നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം

 

തമ്മനം നഗര കുടുംബാരോഗ്യകേന്ദ്രത്തിന്  നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്  അംഗീകാരം വീണ്ടും ലഭിച്ചു. ഒ.പി., ലാബ്, ഫാർമസി, ദേശീയ ആരോഗ്യ പരിപാടികൾ, ജനറല് അഡ്മിനിസ്ട്രേഷന് എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്, പ്രധാന സേവനങ്ങള്, പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ, ഇന്ഫെക്ഷന് കണ്ട്രോള്, ശുചിത്വം, സൗകര്യങ്ങള്, ഗുണമേന്മ, രോഗീ സൗഹൃദം, പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ, ജീവിതശൈലീരോഗവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പരിപാടികൾ തുടങ്ങി വിവിധ മേഖലകളെ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നല്കുന്നത്. തമ്മനം നഗര  കുടുംബാരോഗ്യകേന്ദ്രത്തിന് ഈ വിഭാഗങ്ങളിൽ 89.3 ശതമാനം സ്കോർ ലഭിച്ചു. 

ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകള്ക്ക് ശേഷമാണ് അംഗീകാരത്തിനായി തെരെഞ്ഞെടുക്കുക. 2023 നവംബർ 22, 23  തീയതികളിലാണ്  കേന്ദ്രസംഘത്തിന്റെ മൂല്യനിര്ണയം നടന്നത്.
എൻ ക്യു എസ് അക്രഡിറ്റേഷൻ ഒരു വർഷം ലഭിച്ചാൽ കാലവധി രണ്ട് വർഷം ഉണ്ടാവും. രണ്ട് വർഷം കഴിഞ്ഞ് സ്ഥാപനം അക്രഡിറ്റേഷനായി അപേക്ഷിക്കും. ആദ്യ ഘട്ടത്തിൽ നടത്തിയ അതേ നടപടികളിലൂടെയാണ് വീണ്ടും പരിശോധന നടത്തുക. അത്തരത്തിൽ അക്രഡിറ്റേഷൻ വീണ്ടും ലഭിച്ച സ്ഥാപനമാണ് തമ്മനം നഗരകുടുംബാരോഗ്യകേന്ദ്രം.
ഗുണനിലവാരമുള്ള പ്രാഥമികാരോഗ്യസേവനങ്ങൾ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് നഗരകുടുംബാരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കൊച്ചി കോർപ്പറേഷനിൽ 12 കുടുംബാരോഗ്യകേന്ദ്രങ്ങളും ഒരു നഗരസാമൂഹികാരോഗ്യകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ഇവക്ക് പുറമെ കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ നഗരസഭകളിലും ഓരോ നഗരകുടുംബാരോഗ്യകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ആറെണ്ണത്തെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുവാൻ സാധിച്ചു. നിലവിൽ അംഗീകാരം നേടിയവയുടെ അംഗീകാരം നിലനിർത്താനും കൂടുതൽ സ്ഥാപനങ്ങൾക്ക് അംഗീകാരം നേടിയെടുക്കാനുമുള്ള പ്രവർത്തനമാണ് ജില്ലയിൽ നടപ്പിലാക്കുന്നതെന്ന്  ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. രോഹിണി പറഞ്ഞു.

date