Skip to main content

സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് സർജറി

*വൻകിട ആശുപത്രികളിൽ മാത്രമുള്ള സംവിധാനം ഇനി സർക്കാർ മേഖലയിലും

*ആർ.സി.സി.യിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് റോബോട്ടിക് സർജറി യാഥാർത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വൻകിട ആശുപത്രികളിൽ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സർജറി യൂണിറ്റ് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം ആർ.സി.സിയിൽ പ്രവർത്തനമാരംഭിക്കുന്നു. ആർസിസിയിൽ പ്രവർത്തനസജ്ജമായ റോബോട്ടിക് സർജറി യൂണിറ്റ്ഹൈപെക് ചികിത്സാ സംവിധാനംപേഷ്യന്റ് വെൽഫെയർ ആന്റ് സർവീസ് ബ്ലോക്ക്ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎനഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളാകും.

റോബോട്ടിക് സർജറി യാഥാർത്ഥ്യമാകുന്നതിലൂടെ കാൻസർ ചികിത്സാ രംഗത്ത് സുപ്രധാനമായ ചുവടുവെയ്പ്പാണ് ആരോഗ്യ മേഖല കൈവരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി രോഗനിർണയവും ചികിത്സയും കൂടുതൽ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് ആർ.സി.സി.യിലും എം.സി.സി.യിലും റോബോട്ടിക് സർജറി സംവിധാനവും (60 കോടി)ഡിജിറ്റൽ പത്തോളജി മികവിന്റെ കേന്ദ്രങ്ങളും (18.87 കോടി) സജ്ജമാക്കുന്നതിന് റീബിൾഡ് കേരള ഇനിഷ്യേറ്റീവിലൂടെ തുകയനുവദിച്ചത്. എം.സി.സി.യിലും റോബോട്ടിക് സർജറി ഉടൻ പ്രവർത്തന സജ്ജമാകുന്നതാണ്. അപ്രാപ്യമായിരുന്ന ഹൈടെക് ചികിത്സാ സങ്കേതങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരു പ്രത്യേക തരം മിനിമൽ ആക്‌സസ് ശസ്ത്രക്രിയയാണ് റോബോട്ടിക് സർജറി. ഇത് സർജിക്കൽ റോബോട്ടിന്റെ സഹായത്തോടു കൂടിയാണ് നടത്തുന്നത്. വിവിധ തരത്തിലുള്ള കാൻസറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുകഎത്രയും വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരികശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം ഏറ്റവും നന്നായി കുറയ്ക്കാൻ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങൾ.

ശസ്ത്രക്രിയാ വേളയിൽ തന്നെ കാൻസർ ബാധിത ഭാഗത്ത് കീമോതെറാപ്പി നൽകാൻ കഴിയുന്ന 1.32 കോടി രൂപ ചെലവഴിച്ചുള്ള ഹൈപെക് അഥവാ ഹൈപ്പർ തെർമിക് ഇൻട്രാ പെരിറ്റോണിയൽ കീമോതെറാപ്പി ചികിത്സാ സംവിധാനവും ആർ.സി.സിയിൽ സജ്ജമാക്കിയിട്ടുണ്ട്. രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പേഷ്യന്റ് വെൽഫയർ &സർവീസ് ബ്ലോക്ക് സജ്ജമാക്കിയത്. ക്ലിനിക്കൽ ലാബിലെ പരിശോധനകൾ പൂർണമായും ഓട്ടോമേറ്റഡ് ആക്കുകയും അത് തത്സമയം നിരീക്ഷിക്കുകയും ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്.

പി.എൻ.എക്‌സ്170/2024

date