Skip to main content

പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യം: ആലങ്ങാട് വികസന സെമിനാർ സംഘടിപ്പിച്ചു

 

ആലങ്ങാട് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. പ്രാദേശിക സാമ്പത്തിക വികസനത്തിനും ദാരിദ്ര ലഘൂകരണത്തിനും ഊന്നൽ നൽകുന്ന പദ്ധതികൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് യോഗം നിർദ്ദേശിച്ചു. 

പഴംതോടിന് ചുറ്റുമുള്ള സമീപ പ്രദേശങ്ങൾ ഉൾപ്പെടുത്തി പഞ്ചായത്തിൽ 'ഹാപ്പിനസ് പാർക്ക്' പദ്ധതി നടപ്പിലാക്കണം, ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ടും  തനത് വിഹിതവും ഉപയോഗിച്ചാണ്  പദ്ധതി യാഥാർത്ഥ്യമാകുന്നത്. വനിതകൾക്ക് സ്കൂട്ടർ, ഓട്ടോറിക്ഷ വാങ്ങി നൽകണം, ഗ്രൂപ്പ് സംരംഭങ്ങൾക്ക് സബ്സിഡി അനുവദിക്കണം, ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പരമാവധി ആളുകൾക്ക് വീട് അനുവദിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും സെമിനാറിൽ ഉയർന്നു.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി രവീന്ദ്രൻ, ആലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിൻസന്റ് കാരിക്കശ്ശേരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ആർ ജയകൃഷ്ണൻ, വാർഡ് മെമ്പർ വി.ബി ജബ്ബാർ  തുടങ്ങിയവർ പങ്കെടുത്തു.

2024-25 വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും വികസന സെമിനാറുകൾ സംഘടിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. വികസന സെമിനാറിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങളിൽ പഞ്ചായത്ത് കമ്മിറ്റിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.

date