Skip to main content

കാഞ്ഞിരമറ്റം കൊടികുത്ത്, ചന്ദനക്കുടം ഉറുസ് : ഹരിത ചട്ടം പാലിച്ച് നടത്തും

 

ചരിത്രപ്രസിദ്ധമായ കാഞ്ഞിരമറ്റം പള്ളി കൊടികുത്ത് ചന്ദനക്കുടം ഉറൂസ് ഹരിതചട്ടം പാലിച്ച് നടത്താൻ ആമ്പല്ലൂർ പഞ്ചായത്തിന്റെയും പള്ളി കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ  ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ജനുവരി 13, 14, 15 തീയതികളിൽ  നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി നിരോധിത പ്ലാസ്റ്റിക് ഉല്‌പന്നങ്ങളോ ഒറ്റതവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങളോ ഉപയോഗിക്കില്ല.

പ്രധാന വഴിപാടായ ചക്കരകഞ്ഞി വിതരണം നടത്തുന്നതിന് സ്റ്റീൽ ഗ്ലാസുകൾ ഉപയോഗിക്കണം. നിശ്ചിത കനമില്ലാത്ത പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കരുത്. സ്റ്റീൽ ഗ്ലാസ്സുകൾ വിതരണം ചെയ്യുന്നതിന് കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കുകളും കടലാസുകളും നിക്ഷേപിക്കുന്നതിനായി പ്രത്യേകം ബിന്നുകളുമുണ്ട് . പള്ളികമ്മിറ്റി 3000 സ്റ്റീൽ ഗ്ലാസുകൾ ഭക്തർക്ക് വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

 നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ,   ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ്  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.  പഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ സേവനം പെരുന്നാൾ ദിവസങ്ങളിൽ പൂർണ്ണസമയം ലഭ്യമാകും. 
പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലെ എൻ.എൻ.എസ് യൂണിറ്റിലെ 25 വാളൻ്റിയർമാരുടെ സേവനവും ലഭ്യമാണ്.  

വ്യാപാരസ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് കവറുകളുടെ വിതരണത്തിനെതിരെ കർശന നടപടികളെടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനായി പഞ്ചായത്തിൽ  വ്യാപകമായി പ്രചാരണ ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്.

date