Skip to main content

ലോകബാങ്കിൻ്റെ സഹായത്തോടെ 2365 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും : കൃഷിമന്ത്രി

 

നെടുമ്പാശ്ശേരി : ലോകബാങ്കിൻ്റെ സഹായത്തോടെ കേരളത്തിൻ്റെ കാർഷിക മേഖലയിൽ നടപ്പാക്കുന്ന 2365 കോടി രൂപയുടെ പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പദ്ധതികൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിൻറെ ഉടമസ്ഥയിൽ 1973 ൽ അത്താണിയിൽ  ആരംഭിച്ച കാംകോയുടെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൻ്റെ കാർഷിക മേഖല 
 യന്ത്രവൽകൃതത്തോട് കൂടി കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. യന്ത്രവൽക്കൃത തൊഴിൽസേനകൾ  രൂപീകരിച്ചെങ്കിൽ മാത്രമേ കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമമെന്ന പ്രശ്നത്തിന് പരിഹാരമാകൂ.  സ്മാം പോലുള്ള പദ്ധതികളിലൂടെ ആധുനികമായ യന്ത്രങ്ങൾ കർഷകരിലേക്ക് എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രാദേശികമായുള്ള കൃഷിക്ക് അനുയോജ്യമായ യന്ത്രങ്ങൾ നിർമ്മിക്കണം. പോക്കാളി മേഖലയിൽ  കൊയ്ത്തിന് സഹായകരമായ യന്ത്രങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതുണ്ട്. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നമാക്കി മാറ്റുവാൻ ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കേണ്ടതുണ്ട്. മന്ത്രി പറഞ്ഞു. കാംകോയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു

ആലുവ എം എൽ എ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. കർഷകൻ ടി  ഒ ബേബി, കർഷക റംലത്ത് അൽഹത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാംക്കോയിൽ നിർമ്മിച്ച ഡ്രോണിന്റെ ലോഞ്ചിംഗും മന്ത്രി നിർവഹിച്ചു. ബെന്നി ബെഹനാൻ എം പി മുഖ്യപ്രഭാഷണം നടത്തി. പുതിയ മോഡൽ പവർ ടില്ലറിൻ്റെ ലോംചിങ് എം.പി നിർവ്വഹിച്ചു. മാനേജിങ് ഡയറക്ടർ കെ.പി.ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ സി.കെ.ശശിധരൻ,  പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി വി പ്രതീഷ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി.കുഞ്ഞ്, മുൻമന്ത്രി എസ്.ശർമ, മുൻ എംഎൽഎമാരായ പി.രാജു, പി.ജെ.ജോയ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ജെ.ജോമി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി.രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗം അംബിക പ്രകാശ്, കാംകോ ഡയറക്ടർമാരായ എം.ടി.നിക്സൺ, സി.കെ.ഗോപി, കെ.എ. ചാക്കോച്ചൻ, എസ്. ബുഹാരി, ജെസ്സി ജോർജ്, ജി.ശ്രീനി എന്നിവർ പങ്കെടുത്തു.

date