Skip to main content

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ദശദിന ശില്പശാലയുമായി വടക്കേക്കര ഗ്രാമപഞ്ചായത്ത്

 

വടക്കേക്കര ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂളിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പുനരധിവാസത്തിനുമായി വൊക്കേഷണൽ ട്രെയിനിങ് പദ്ധതിയിൽ ഉൾപെടുത്തി 10 ദിവസം നീണ്ടു നിൽക്കുന്ന ദശദിന ശില്പശാലക്ക് തുടക്കം കുറിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രശ്മി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. 

ബഡ്‌സിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ്, വരുമാനദായങ്ങളായുള്ള  സ്വയംതൊഴിൽ പരിശീലനം എന്നിവ നൽകാൻ ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. വിദഗ്ധരുടെ വിശദമായ വിലയിരുത്തലുകൾക്ക് ശേഷം ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴിൽ മേഖല കണ്ടെത്തും. തൊഴിൽ പരിശീലനത്തിനോടൊപ്പം വിവിധ വ്യക്തിഗത പരിശീലനങ്ങളും ഉണ്ടായിരിക്കും. 

തുരുത്തിപ്പുറം സൈക്ലോൺ ഷെൽട്ടറിൽ നടന്ന ചടങ്ങിൽ വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം കിഡ്സ്‌ സെക്രട്ടറി ഫാദർ പോൾ തോമസ് കളത്തിൽ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലൈജു ജോസഫ് പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രത്നൻ, സെക്രട്ടറി മഹീധരൻ എം.പി, വാർഡ് മെമ്പർമാരായ സൈബ സജീവ്, ഉണ്ണി കൃഷ്ണൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ റസിയ, അസിസ്റ്റന്റ് സെക്രട്ടറി ലെനിഷ്, ബഡ്‌സ് സ്കൂൾ ഇൻ ചാർജ് ഹീതുലക്ഷ്മി എന്നിവർ സംസാരിച്ചു. കോട്ടപ്പുറം കിഡ്സ്‌  കോർഡിനേറ്റർ ഷേർലിൻ മൈക്കിൾ ക്ലാസ്സ്‌ നയിച്ചു.

date