Skip to main content
പാലിയേറ്റീവ് കെയര്‍ ദിനാചരണം; ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ധനശേഖരണ ബോക്‌സ് സ്ഥാപിച്ചു

പാലിയേറ്റീവ് കെയര്‍ ദിനാചരണം; ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ധനശേഖരണ ബോക്‌സ് സ്ഥാപിച്ചു

ചാലക്കുടി നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായ പാലിയേറ്റീവ് ഗുണഭോക്താക്കള്‍ക്കുള്ള ധനശേഖരണ ബോക്‌സ് സ്ഥാപിച്ചു. പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയുടെ ഭാഗമായാണ് ആശുപത്രിയിലെ ഒ.പി വിഭാഗത്തില്‍ ബോക്‌സ് സ്ഥാപിച്ചത്. 

മറ്റുള്ളവരുടെ സഹായം ആവശ്യമുള്ള പാലിയേറ്റീവ് ഗുണഭോക്താക്കളുടെ ദുരിതങ്ങളില്‍ സാന്ത്വനമായ് ഒരു സമൂഹം ഒന്നാകെ ചേര്‍ന്ന് നില്‍ക്കണമെന്ന സന്ദേശം നല്‍കി 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന മുദ്രാവാക്യവുമായാണ് ജനുവരി 20 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണം, ഗുണഭോക്താക്കളുടെ വീട് സന്ദര്‍ശനവും കിറ്റ് വിതരണവും, ആദരിക്കല്‍, ബ്ലഡ്, ഷുഗര്‍ പരിശോധന തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചു.

ചാലക്കുടി സൗത്ത് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടി സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദിപു ദിനേശ്, ജിജി ജോണ്‍സന്‍, സൂസി സുനില്‍, കൗണ്‍സിലര്‍ വി.ജെ. ജോജി, സൂപ്രണ്ട് എ.എ മിനിമോള്‍, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ജോജു പതിയപറമ്പന്‍, ദിലീപ് നാരായണന്‍, സി.എസ്. സുരേഷ്, സ്റ്റാഫ് നഴ്‌സ് സിനി സിജു തുടങ്ങിയവര്‍ പങ്കെടുത്തു. സെന്റ് ജെയിംസ് നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബും ബോധവല്‍ക്കരണ സ്‌കിറ്റും അവതരിപ്പിച്ചു.

date