Skip to main content

വടക്കാഞ്ചേരിയില്‍ ഇനി ഹരിത ആഘോഷങ്ങള്‍ മാത്രം

വടക്കാഞ്ചേരി നഗരസഭയുടെ സര്‍വ്വശുദ്ധി മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയില്‍ നടക്കുന്ന പൂരങ്ങള്‍, പെരുന്നാളുകള്‍ വിവാഹങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവ പൂര്‍ണമായും ഹരിത ചട്ടം കര്‍ശനമായി പാലിച്ച് നടത്തുന്നതിന് തീരുമാനമായി. വടക്കാഞ്ചേരിയിലെ പ്രധാന ആഘോഷങ്ങളായ ഉത്രാളിക്കാവ് പൂരവും മറ്റുപൂരങ്ങളും പെരുന്നാളുകളും കര്‍ശനമായ ഹരിത ചട്ടം പാലിക്കുന്നതിനും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കി മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുന്നതിനും പൂര കമ്മിറ്റികളും പള്ളി ഭാരവാഹികളും പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

ഹരിത കര്‍മ്മ സേന, സാനിറ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെ പൊതു ആഘോഷ പരിപാടികള്‍ക്ക് ശേഷം അതേ ദിവസം തന്നെ പ്രസ്തുത പരിപാടി നടന്ന സ്ഥലം നഗരസഭയുടെ നേതൃത്വത്തില്‍ ശുദ്ധീകരണം നടത്താറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന മാലിന്യങ്ങള്‍ പുനചക്രമണയോഗ്യം അല്ലാത്തതും ഒരുതരത്തിലും ശാസ്ത്രീയമായ സംസ്‌കരണ ഉപാധികള്‍ക്ക് വിധേയമാക്കുവാന്‍ സാധിക്കാത്തതുമാണ്. ഈ സാഹചര്യത്തിലാണ് മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നതിനും, ഉദ്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനായി എല്ലാ പൊതു സ്വകാര്യ ആഘോഷ പരിപാടികളിലും ഹരിത ചട്ടം ഉറപ്പുവരുത്തുന്നതിന് നഗരസഭ ഇടപെട്ടത്. ആഘോഷ പരിപാടികളുടെ ബാനറുകള്‍ അടിക്കുന്നതു മുതല്‍ കൊടിത്തോരണങ്ങള്‍ അഴിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഹരിത നിയമങ്ങള്‍ പാലിക്കുന്നതിന് ഏവരുടെയും സഹകരണം ഉറപ്പാക്കും.

ഇനി മുതല്‍ നഗരസഭയില്‍ നടത്തപ്പെടുന്ന വിവാഹങ്ങളും മറ്റും ആഘോഷങ്ങളും നഗരസഭയെ മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങണം. ഹരിതചട്ടം പാലിക്കാത്തവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പൂരം, പള്ളി കമ്മിറ്റി ഭാരവാഹികള്‍, ഓഡിറ്റോറിയം ഉടമകള്‍, ജനപ്രതിനിധികള്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date