Skip to main content
മാലിന്യമുക്തം നവകേരളം മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ഊർജ്ജിതം

മാലിന്യമുക്തം നവകേരളം മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ഊർജ്ജിതം

തൃശ്ശൂർ ജില്ലയിലെ മാലിന്യമുക്തം നവകേരളം മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി  തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗം കളക്ടറേറ്റിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. 

മാർച്ച് 31 നു മുൻപായി 100 ശതമാനം യൂസർഫീ കളക്ഷൻ നേടുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് യോഗം ചേർന്നത്. നിലവിലെ  സാഹചര്യങ്ങളെയും യോഗം വിലയിരുത്തി. ഹരിത കർമ്മ സേനയുടെ കുറവ്, പരിശീലനങ്ങളുടെ അഭാവം, മിനി എംസിഎഫുകളുടെ ശേഷിക്കുറവ് തുടങ്ങിയ നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്ത് പരിഹാരമാർഗ്ഗങ്ങൾ വിലയിരുത്തി. വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുടെ യോഗം തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ ഫെബ്രുവരിയിൽ ചേരാനും യോഗത്തിൽ തീരുമാനിച്ചു. 

ഇക്കഴിഞ്ഞ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ 50 ശതമാനത്തിൽ താഴെ യൂസർ ഫീ കളക്ഷൻ കൈവരിച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. രണ്ട് സെഷനുകളിലായി നടന്ന യോഗത്തിൽ 42 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. 

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വിഭാഗം ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദീഖ്, നവ കേരള മിഷൻ ജില്ലാ കോഡിനേറ്റർ സി. ദിദിക, ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജനീഷ് രാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എസ്. ബസന്തലാൽ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date