Skip to main content

നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരം: പറവൂർ താമരപ്പടി വളവിൽ സംരക്ഷണ ഭിത്തി ഉയരുന്നു

 

 നിരവധി ആളുകൾ അപകടത്തിൽപ്പെട്ട പറവൂർ - കോട്ടുവള്ളി  പ്രധാന റോഡിലെ കൊടുംവളവുകളിലൊന്നായ താമരപ്പടി വളവിൽ സംരക്ഷണ ഭിത്തിയുടെ നിർമാണം തുടങ്ങി. നവകേരള സദസ്സിൽ ലഭിച്ച പരാതിയെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
പരാതി നൽകി 21 ദിവസത്തിനകമാണ് നിർമാണം തുടങ്ങിയത്.

 കൊടുംവളവായ ഇവിടെ റോഡിൻ്റെ ഒരു ഭാഗത്ത്  സംരക്ഷണ ഭിത്തി ഇല്ലാത്തതായിരുന്നു പ്രശ്നം.

പറവൂർ - വരാപ്പുഴ റോഡിൽ ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ നഗരത്തിൽ നിന്നും ഏഴിക്കരയിൽ നിന്നുമുള്ള നിരവധി വാഹന യാത്രക്കാർ തിരക്കൊഴിവാക്കാൻ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. സ്വകാര്യ ബസുകളും ഇതിലൂടെ സർവീസ് നടത്തുന്നുണ്ട്. 

സംരക്ഷണഭിത്തി ഇല്ലാത്ത റോഡിൻ്റെ ഭാഗത്ത് പത്ത് അടിയോളം താഴ്ചയാണ്. കൊടുംവളവായ ഇവിടെ  രാത്രികാലങ്ങളിലടക്കം നിരവധി പേർ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. കാൽനടയാത്രക്കാരും ഇവിടെ നിന്ന് താഴേക്ക്  വീണിട്ടുണ്ട്. 

വാഹനങ്ങൾ മറിഞ്ഞ് പത്തോളം പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. ഇക്കാര്യങ്ങൾ സഹിതമാണ് പറവൂർ മണ്ഡല തല നവകേരള സദസ്സിൽ തൃക്കപുരം സ്വദേശി ഇ.ഡി സജീവൻ നിവേദനം നൽകിയത്.  

ഒരാഴ്ചക്കകം കാര്യങ്ങൾ വേഗത്തിലായി. പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഇവിടെ സംരക്ഷണ ഭിത്തിയുടെ നിർമാണം തുടങ്ങി. അപകട സാധ്യത ഉണ്ടായിരുന്ന സ്ഥലം മുഴുവൻ സംരക്ഷണഭിത്തി കെട്ടാനാണ് തീരുമാനം. ദിശാ സൂചക ബോർഡും സമീപത്ത് സ്ഥാപിച്ചു.

date