Skip to main content

5.24 കോടിയുടെ മാലിന്യ സംസ്കരണ പദ്ധതികൾ 83 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം

 

ജില്ലാ ആസൂത്രണ സമിതി യോഗം 

തദ്ദേശസ്ഥാപനങ്ങളുടെ  2024-25 സാമ്പത്തിക വർഷത്തെ പദ്ധതികൾ അംഗീകരിക്കുന്നതിനായി  ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ മാലിന്യമുക്ത നവകേരളവുമായി ബന്ധപ്പെട്ട 5.24 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം. മാലിന്യമുക്ത നവകേരളവുമായി ബന്ധപ്പെട്ട പദ്ധതികൾ കൂടുതലായി തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.

പദ്ധതി രൂപീകരണത്തിൽ തദ്ദേശസ്ഥാപനങ്ങൾ   കൂടുതൽ ജാഗ്രത പുലർത്തണം. നടപ്പ് സാമ്പത്തിക വർഷത്തിലെ പദ്ധതി തുക വിനിയോഗിക്കുന്നതിൽ  കൂടുതൽ കാര്യക്ഷമത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആകെ 86 തദ്ദേശസ്ഥാപനങ്ങളാണ്  പദ്ധതി അംഗീകാരത്തിനായി സമർപ്പിച്ചിരുന്നത്. അതിൽ 83 സ്ഥാപനങ്ങളുടെ വിവിധ പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി.

ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതികൾ പ്രത്യേക ഉപസമിതിയുടെ നേതൃത്വത്തിൽ പരിശോധിച്ച ശേഷമാണ്  ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകിയത്. ന്യൂനതകൾ കണ്ടെത്തിയ പദ്ധതികളിൽ മാറ്റം വരുത്തി സമർപ്പിക്കാൻ യോഗം നിർദേശിച്ചു.

ജില്ലാ ആസൂത്രണ സമിതി  ഹാളിൽ ചേർന്ന യോഗത്തിൽ  ആസൂത്രണ സമിതി അംഗങ്ങളായ അനിത ടീച്ചർ, ദീപു കുഞ്ഞുകുട്ടി, ശാരദ മോഹൻ, അനിമോൾ ബേബി, ഷാന്റി എബ്രഹാം, എ.എസ് അനിൽകുമാർ, സനിതാ റഹിം, റീത്താ പോൾ, ജമാൽ മണക്കാടൻ, മേഴ്സി ടീച്ചർ, ബെനഡിക്ട് ഫെർണാണ്ടസ്, ജില്ലാ പ്ലാനിങ് ഓഫീസർ (ഇൻ ചാർജ്) എം.എം ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

date