Skip to main content

മുഖാമുഖം: സ്ത്രീസദസിലുയര്‍ന്നത് ഗൗരവമായ നിര്‍ദേശങ്ങള്‍: മുഖ്യമന്ത്രി

സമസ്ത മേഖലകളിലും സ്ത്രീകളുടെ സമഗ്ര വികസനം സര്‍ക്കാര്‍ ലക്ഷ്യം

നവകേരള സത്രീസദസ്സില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉയര്‍ത്തിയ പ്രശ്നങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്ത മേഖലകളിലും സ്ത്രീകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മുഖാമുഖം പരിപാടിയായ സ്ത്രീ സദസ്സിലുയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകളുടെ ആരോഗ്യം, ക്യാന്‍സര്‍ രോഗവ്യാപനം, ജീവിതശൈലിരോഗങ്ങള്‍, തൊഴില്‍ പങ്കാളിത്തം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, ഗാര്‍ഹിക പീഢനം, സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍, ഭിന്നശേഷിക്കാരായ സ്ത്രീകളുടെ പ്രശ്നങ്ങള്‍, ആര്‍ത്തവ അവധി, തൊഴിലിടങ്ങള്‍ വനിതാശിശു സൗഹൃദമാക്കല്‍, കായിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യം, ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍, ട്രാന്‍സ് വനിതകളുടെ പ്രശ്നങ്ങള്‍, അന്ധവിശ്വാസവും അനാചാരങ്ങളും വര്‍ധിക്കുന്നതിലെ ആശങ്ക, മത്സ്യമേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍, കാഴ്ചപരിമിതരായ സ്ത്രീകളുടെ പ്രശ്നങ്ങള്‍, പാഠഭാഗങ്ങളില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നത്, ശുചിത്വ കേരളം തുടങ്ങിയ വിഷയങ്ങള്‍ മുഖാമുഖത്തില്‍ ചോദ്യങ്ങളായി മുഖ്യമന്ത്രിക്ക് മുന്നിലെത്തി. 56 ചോദ്യങ്ങളാണ് സദസ്സില്‍ ഉയര്‍ന്നത്. 527 നിര്‍ദേശങ്ങള്‍ എഴുതി നല്‍കി.

സ്ത്രീകളുടെ ആരോഗ്യത്തിന് മുഖ്യപരിഗണന

നിരവധി രോഗങ്ങള്‍ മലയാളി സ്ത്രീകളെ വേട്ടയാടുന്നുണ്ട്. ജീവിത ശൈലീ രോഗങ്ങള്‍ക്കെതിരേ ഫലപ്രദമായ നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമഗ്രമായ കാന്‍സര്‍ കെയര്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. ശൈലീ ആപ്പ് വഴി  വാര്‍ഷിക ആരോഗ്യ പരിശോധന നടത്തിവരുന്നു. 2024 ഫെബ്രുവരി 18 വരെ ഒരു കോടി 54 ലക്ഷത്തിലധികം പേരുടെ സര്‍വേ പൂര്‍ത്തിയാക്കി. സ്തനാര്‍ബുദം, വദനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം തുടങ്ങിയ സാധ്യതകളുള്ളവരെയാണ് സ്‌ക്രീന്‍ ചെയ്തത്. ഒന്‍പത് ലക്ഷത്തിലധികം പേര്‍ക്ക് ക്യാന്‍സര്‍ സാധ്യതയുള്ളതായാണ് കണ്ടെത്തിയത്. കുടുംബാരോഗ്യകേന്ദ്രം മുതലുള്ള സ്ഥാപനങ്ങളില്‍ തുടര്‍പരിശോധന നടത്തും. ഇതില്‍ ആവശ്യമുള്ളവരുടെ സാംപിളുകള്‍ ജില്ലാ ലാബുകളില്‍ അയച്ച് രോഗ നിര്‍ണയം നടത്താന്‍ സൗകര്യമൊരുക്കി.. മൂന്ന് ക്യാന്‍സര്‍ സെന്റ്റുകള്‍, മെഡിക്കല്‍ കോളേജുകളിലെ ക്യാന്‍സര്‍ യൂണിറ്റുകള്‍ ജില്ലാ ക്യാന്‍സര്‍ കെയര്‍ യൂണിറ്റുകള്‍ എന്നിവയുമായി ബന്ധപ്പെടുത്തിയ ക്യാന്‍സര്‍ ഗ്രിഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാന്‍സര്‍ രോഗ സാധ്യതയുള്ളവരുടെ വിശദമായ ക്ലിനിക്കന്‍ ലാബ് പരിശോധനയ്ക്കായി ക്യാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന സോഫ്റ്റ് വെയറും വികസിപ്പിച്ചിട്ടുണ്ട്.

സ്തനാര്‍ബുദ രോഗികളെ നേരത്തേ കണ്ടെത്തുന്നതിനായി ക്യാന്‍സര്‍ സെന്ററുകള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും പുറമേ ജില്ലാ, താലൂക്ക്തല ആശുപത്രികളിലും മാമോഗ്രാം മെഷീന്‍ സ്ഥാപിക്കും.

ക്യാന്‍സര്‍ ചികിത്സാരംഗത്തെ നൂതന സങ്കേതങ്ങളായ റോബോട്ടിക് സര്‍ജറി, ഡിജിറ്റല്‍ പത്തോളജി തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കിവരികയാണ്. ക്യാന്‍സര്‍ രോഗ സാധ്യത നേരത്തേ കണ്ടെത്തി തുടര്‍പരിശോധന ഉറപ്പാക്കുന്നതിന് ക്യാന്‍സര്‍ പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കും. ഗര്‍ഭാശയ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള എച്ച് പി വി സ്‌ക്രീനിംഗ്, രോഗ പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിനേഷന്‍ എന്നിവ ഈ ക്ലിനിക്കുകള്‍ വഴി ലഭ്യമാക്കും.

മാനസികാരോഗ്യം

ഗര്‍ഭകാലത്തും പ്രസവ ശേഷവും സ്ത്രീകളില്‍ കാണപ്പെടുന്ന വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അമ്മ മനസ് എന്ന പരിപാടി ആരോഗ്യ വകുപ്പ് നടപ്പാക്കുന്നുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആശ്വാസം പദ്ധതി, സമ്പൂര്‍ണ മാനസികാരോഗ്യം പദ്ധതി എന്നിവയും നടപ്പാക്കുന്നു. വിഷാദ രോഗം കണ്ടെത്തി ചികിത്സയും മരുന്നും ലഭ്യമാക്കുന്നതിന് കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.

ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം ആദിവാസി മേഖലയിലുള്‍പ്പടെ വിളര്‍ച്ച ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. നിലവിലുള്ള പോഷകക്കുറവ് പരിഹരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വനിത ശിശു വികസന വകുപ്പ്, പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ വിവ കേരളം ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. 15 മുതല്‍ 59 വയസ് വരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും വിളര്‍ച്ചയുള്ളവരെ കണ്ടെത്തി പരിശോധനയും ചികിത്സയും ലഭ്യമാക്കുകയാണ് ക്യാംപെയ്ന്റെ ലക്ഷ്യം.

വയോജന കമ്മീഷന്‍ പരിഗണനയില്‍

വയോജന മേഖലയിലെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് താലൂക്ക്, ജില്ലാ, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ജെറിയാട്രിക് ക്ലിനിക്കുകള്‍ ആരംഭിക്കും. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് കുടുംബാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളില്‍ വെല്‍ വുമണ്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. ഈ ക്ലിനിക്കുകളില്‍ പ്രായമുള്ള സ്ത്രീകളുടെ ചികിത്സയ്ക്ക് പ്രത്യേക പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും. വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി 2024 ഫെബ്രുവരി 18 വരെ ആശാ പ്രവര്‍ത്തകര്‍ വഴി 46 ലക്ഷത്തിലധികം വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. രോഗ സാധ്യത കണ്ടെത്തിയവര്‍ക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധനയും തുടര്‍ചികിത്സയും ഉറപ്പാക്കി. വയോജനങ്ങളുടെ ആരോഗ്യത്തിലെ സങ്കീര്‍ണത കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് സാമൂഹ്യ നീതി വകുപ്പുമായി ചേര്‍ന്ന് സമഗ്ര വയോജന ആരോഗ്യ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് വരികയാണ്.

വയോജനങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വയോജന കമ്മീഷന്‍ രൂപീകരിക്കുന്നത് പരിഗണിക്കും. പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം പേരില്‍ 60 % ല്‍ അധികം സ്ത്രീകളാണ്. പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതി ഇത് അനുവദിക്കുന്നില്ല.

വനിതാ സംരംഭങ്ങള്‍ക്ക് പിന്തുണ

സ്ത്രീ സംരംഭങ്ങള്‍ 2002 മുതല്‍ 2024 ഫെബ്രുവരി വരെ 73002 സ്ത്രീ സംരംഭങ്ങളാണ് കേരളത്തില്‍ തുടങ്ങിയത്. വ്യവസായ നയത്തിന്റെ ഭാഗമായി 22 മുന്‍ഗണനാ വ്യവസായങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇ മേഖലകളില്‍ വനിതാ സംരംഭകര്‍ക്ക് ഉത്പാദന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ സംരംഭകര്‍ക്കായി വി മിഷന്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഉറപ്പാക്കും

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് കാര്യക്ഷമമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ജീവനോപാധി കണ്ടെത്തി സ്ത്രീ പദവി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ മിഷന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. ശാസ്ത്ര സാങ്കേതികവിദ്യയിലുണ്ടായ മാറ്റം ഉന്നത വിദ്യാഭ്യാസ രംഗത്ത് നന്നായി പ്രതിഫലിക്കുന്നുണ്ട്. അതിന് അനുസൃതമായി മികച്ച വിദ്യാഭ്യാസം ലഭിച്ച സാങ്കേതിക വൈദഗ്ധ്യമുള്ള സ്ത്രീകള്‍ക്ക് യോഗ്യതയ്ക്കനുസരിച്ച് ജോലിയില്‍ പ്രവേശിക്കാനാകുന്നുണ്ട്. എന്നാല്‍ ചിലര്‍ കുടുംബപരമായ ബാധ്യതയുടെ പേരില്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇത്തരത്തില്‍ വിദഗ്ധരായ സ്ത്രീകള്‍ക്കായി വീടിനടുത്ത് തന്നെ ജോലി ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നത്. വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് ഫ്രം ഹോം പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.

ഡിജിറ്റല്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്ത് ജോലി നേടാനും അവസരമുണ്ട്. നേരത്തേ തൊഴില്‍ വൈദഗ്ധ്യം നേടിയവര്‍ക്ക് നൈപുണ്യ വികസനത്തിന് പരിശീലനവും നല്‍കും. വിവിധ കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ച് വീട്ടില്‍ കഴിയുന്നവര്‍ക്ക് തൊഴില്‍ നേടാനുള്ള സാഹചര്യമൊരുക്കുന്നവയാണ് ഇത്തരം പദ്ധതികള്‍.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടി

സ്ത്രീധനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ബോധവത്കരണം ശക്തമാക്കേണ്ടതുണ്ട്. സ്ത്രീധന പീഡനത്തെ ചോദ്യം ചെയ്യാനുള്ള മാനസികാവസ്ഥ ഉണ്ടാകണം. ഓരോ മനസുകളെയും ഉയര്‍ത്തുന്നതിനുള്ള ബോധവത്കരണം നടത്തണം. നിയമപരമായ നടപടികള്‍ ശക്തമായി നടപ്പാക്കും. ഗാര്‍ഹിക അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കാവശ്യമായ സഹായം ലഭ്യമാക്കുന്നതിന് വിവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ വ്യാപകമായി നേരിടുന്ന ഘട്ടമാണിത്. വ്യക്തി, സ്വഭാവ ഹത്യ തുടങ്ങിയവ അതിശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. പരാതിപ്പെടുക എന്നത് പ്രധാനമാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ ആശയ പ്രചാരണം ശക്തമാക്കുകയും ചെയ്യണം.

ഭിന്നശേഷിക്കാര്‍ക്ക് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. ആഴ്ചയില്‍ ഒരു ദിവസം സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ വീട്ടിനകത്ത് മാത്രം കഴിയുന്ന കുട്ടികളുടെ അടുത്തെത്തി പഠന പിന്തുണ ഉറപ്പാക്കും. പദ്ധതിക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ക്ക് തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കും.

കായികരംഗത്തെ സ്ത്രീകള്‍

കായികരംഗത്തെ  പ്രശ്നങ്ങള്‍ ഗൗരവമായി പരിഗണിക്കും. കായികതാരങ്ങള്‍ക്ക് അഞ്ചു വര്‍ഷം കൂടുമ്പോള്‍ ജോലി നല്‍കുന്നത് വര്‍ഷാവര്‍ഷം ജോലി നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. പെണ്‍കുട്ടികള്‍ക്കായി കണ്ണൂരും എറണാകുളത്തും ഫുട്ബാള്‍ അക്കാദമികള്‍ ആരംഭിച്ചിട്ടുണ്ട്. വോളിബോള്‍ അക്കാദമി ആരംഭിക്കാനും ബജറ്റില്‍ പണം അനുവദിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം പേര്‍ക്ക് ഫുട്ബാള്‍ പരിശീലനം നല്‍കാന്‍ കായിക വകുപ്പ് ആരംഭിച്ച ഗോള്‍ പദ്ധതിയില്‍ രണ്ടര ലക്ഷം പെണ്‍കുട്ടികള്‍ക്ക് ഫുട്ബാള്‍ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീയുമായി ചേര്‍ന്ന് വനിതകള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. വനിതകള്‍ക്ക് കളരി, കരാട്ടെ, കുങ്ഫു, തായ്ക്കൊണ്ടോ എന്നിങ്ങനെയുള്ള ആയോധനകലകള്‍ അഭ്യസിക്കാന്‍ അവസരം നല്‍കുന്ന കോംപാക്ട് സ്പോര്‍ട്ട്സ് കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും ആരംഭിക്കും. ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്.  

വനിതാ നയം ചര്‍ച്ചകള്‍ക്ക് ശേഷം

വനിതാ നയം നടപ്പാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ചടങ്ങില്‍ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു, മേയര്‍ എം. അനില്‍ കുമാര്‍, ജില്ലാ കളക്ടര്‍ എന്‍. എസ്. കെ ഉമേഷ്, വനിതാ ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. ശര്‍മിള മേരി ജോസഫ്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, നടി ഐശ്വര്യ ലക്ഷ്മി, കെ അജിത, നിലമ്പൂര്‍ ആയിഷ, വിജയരാജമല്ലിക, നിഷാ ജോസ് കെ മാണി, ഡോ. ടെസ്സി തോമസ്, ഖദീജ മുംതാസ്, വൈക്കം വിജയലക്ഷ്മി, ഇമ്ത്തിയാസ് ബീഗം, എ.പി നിസ, പി.കെ മേദിനി, ഷൈനി വില്‍സണ്‍, എം.ഡി വത്സമ്മ, ശോഭന ജോര്‍ജ്, ദിവ്യ ഗോപിനാഥ്, ശ്രീമതി ടീച്ചര്‍, മെഴ്സി കുട്ടന്‍ തുടങ്ങിയവര്‍ ണ്‍ വേദിയില്‍ സന്നിഹിതരായിരുന്നു. നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.എന്‍ സീമ മോഡറേറ്ററായിരുന്നു.

 

date