Skip to main content

മികച്ച ജില്ലാ വ്യവസായ കേന്ദ്രം- എറണാകുളം ജില്ല വ്യവസായ കേന്ദ്രത്തെ തേടിയെത്തിയത് അര്‍ഹതയ്ക്കുള്ള അംഗീകാരം

പുതുതായി 14,128 സംരംഭങ്ങള്‍,  33,765 തൊഴിലവസരങ്ങള്‍, 1,172.46 കോടി രൂപയുടെ നിക്ഷേപം -ജില്ലയിലെ വ്യവസായ രംഗം അടിമുടി പുതുക്കുന്നതില്‍ ജില്ല വ്യവസായ കേന്ദ്രം നടത്തിയ കിടയറ്റ പ്രയത്‌നവും കൈവരിച്ച നേട്ടവും ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ല വ്യവസായ കേന്ദ്രമെന്ന പുരസ്‌കാരം എല്ലാതരത്തിലും എറണാകുളത്തിന് അര്‍ഹതപ്പെട്ടതുതന്നെയെന്നതും ഇതിലൂടെ സ്പഷ്ടം.

ജില്ലയില്‍ ഇന്‍ഡസ്ട്രിയല്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് പ്രവര്‍ത്തനം തികച്ചും കാര്യക്ഷമമായാണ് വ്യവസായ കേന്ദ്രം നടപ്പാക്കുന്നത്. എല്ലാ മാസവും ജില്ല കളക്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സിംഗിള്‍ വിന്‍ഡോ ബോര്‍ഡ് യോഗങ്ങള്‍ മുഖേന സംരംഭം ആരംഭിക്കുന്നതിനു അനുമതികളും ലൈസന്‍സുമെല്ലാം വളരെ സുഗമമായും വേഗത്തിലും നേടിയെടുക്കാന്‍ കഴിയുന്നു. സംരംഭകര്‍ക്ക് ആവശ്യമായ കൈത്താങ്ങ് സഹായങ്ങള്‍, ഗ്രാമ പഞ്ചായത്ത് തല  സംരംഭക വികസന എക്സിക്യൂട്ടീവ് മുതല്‍ വ്യവസായകേന്ദ്രം ഓഫീസര്‍മാര്‍വരെയുള്ളവരുടെ സംയോജിത സേവനത്തിലൂടെ എളുപ്പത്തില്‍ കൈവരിക്കാനുകുന്നുണ്ട്.

സംരംഭക പിന്തുണ പദ്ധതി (ഇഎസ്എസ്)യില്‍ 10.45 കോടി രൂപ ജില്ല വ്യവസായ കേന്ദ്രം കഴിഞ്ഞ വര്‍ഷം ലഭ്യമാക്കി. 126 ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനമുണ്ടായി. പിഎംഇജി പ്രോഗ്രാമില്‍ 5.05കോടി രൂപയാണ് ലഭ്യമാക്കിയത്. ഇതിന്റെ പ്രയോജനം ലഭിച്ചത് 60 പേര്‍ക്ക്. 21 ഉപഭോക്താക്കള്‍ മൊത്തം 1.73 കോടി രൂപയുടെ സബ്സിഡിക്ക് അര്‍ഹരായി.

ജില്ല പഞ്ചായത്ത് പദ്ധതിയില്‍ പത്ത് അപേക്ഷകര്‍ക്കായി 20.47ലക്ഷം രൂപ ലഭ്യമാക്കി. ഇതില്‍ നിര്‍വ്വഹണ നിരക്ക് 100ശതമാനമാണ്. എംഎസ്എംഇ കള്‍ക്കു വേണ്ടിയുള്ള വ്യവസായ ഭദ്രത പദ്ധതിയില്‍ അനുവദിച്ചത് 44.96 ലക്ഷം രൂപയാണ്. 198 പേര്‍ ഇതിന്റെ ഗുണഭോക്താക്കളായി. നിലച്ച എംഎസ്എംഇ കളുടെയും കാഷ്യൂ പ്രോസസ്സിംഗ് യൂണിറ്റുകളുടെയും പുനരുജ്ജീവന, പുനരധിവാസ പദ്ധതിയില്‍ രണ്ടു ഗുണഭോക്താക്കള്‍ക്കായി 80,000 രൂപ ലഭ്യമാക്കി.

ഇന്റഗ്രേറ്റഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് (ഐഐഡി) പദ്ധതിയില്‍ 1752 നിക്ഷേപകരെ കണ്ടെത്താന്‍ ജില്ല വ്യവസായ കേന്ദ്രത്തിനു കഴിഞ്ഞു. 481 യൂണിറ്റുകള്‍ക്ക് തുടക്കമിട്ടു. മൊത്തം 767.98കോടി രൂപയുടെ നിക്ഷേപം ഇതിനകം ഐഐഡിയില്‍ ഇതിനകമുണ്ടായി. 2022 - 23ല്‍ അഞ്ചു സംരംഭകത്വ വികസന (ഇഡി) ക്‌ളബ്ബുകള്‍ കൂടി ആരംഭിച്ചു. ഇതോടെ ജില്ലയിലെ മൊത്തം ഇഡി ക്‌ളബ്ബുകളുടെ എണ്ണം 84 ആയി.

സംസ്ഥാനത്തിന്റെ സാമ്പത്തിക ഹൃദയമെന്ന് വിളിക്കപ്പെടുന്ന എറണാകുളം ജില്ലയില്‍  വ്യാവസായിക വികസനത്തിലും നിക്ഷേപ പ്രോത്സാഹനത്തിലും ശ്രദ്ധേയമായ പുരോഗതിക്കാണ് പോയവര്‍ഷം സാക്ഷ്യം വഹിച്ചത്. ജില്ല വ്യവസായ കേന്ദ്രത്തിന്റെ തന്ത്രപരമായ ആസൂത്രണം, ക്രിയാത്മക നയങ്ങള്‍, സംരംഭങ്ങള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലെ പ്രതിബദ്ധത എന്നിവയെല്ലാം അതിനു കരുത്തായി.  കൂട്ടായ അനുസ്യൂത പ്രയത്‌നവും അര്‍പ്പണബോധവും ദീര്‍ഘവീക്ഷ്ണവും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ക്കാന്‍ ജില്ല വ്യവസായ കേന്ദ്രത്തിനു തുണയായി.

date