Skip to main content
മാലിന്യ സംസ്‌കരണത്തില്‍ മുന്നിട്ട് വടക്കാഞ്ചേരിയിലെ കുപ്പി ഭണ്ഡാരങ്ങള്‍

മാലിന്യ സംസ്‌കരണത്തില്‍ മുന്നിട്ട് വടക്കാഞ്ചേരിയിലെ കുപ്പി ഭണ്ഡാരങ്ങള്‍

മാലിന്യ ശേഖരണവും തരംതിരിക്കലും സങ്കീര്‍ണമാകുമ്പോള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിക്കാന്‍ വടക്കാഞ്ചേരിയില്‍ സ്ഥാപിച്ച ബോട്ടില്‍ ബൂത്തുകള്‍ പുതിയ മാതൃക സൃഷ്ടിക്കുന്നു. കുപ്പിയുടെ ആകൃതിയില്‍ കുപ്പികള്‍ മാത്രം നിക്ഷേപിക്കാന്‍ വായ്ഭാഗമുള്ള ബോട്ടില്‍ ബൂത്തുകള്‍ കൗതുകം ഉണര്‍ത്തുന്ന ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മാലിന്യ സംഭരണിയാണ്.

വടക്കാഞ്ചേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായി 100 ബോട്ടില്‍ ബൂത്തുകളുണ്ട്. സര്‍വശുദ്ധി പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷിന്റെ ശുചിത്വ കേരളം അര്‍ബണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവ സ്ഥാപിച്ചത്. കൂടുതല്‍ ആളുകള്‍ എത്തുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥാപിച്ച 100 ബോട്ടില്‍ ബൂത്തുകളിലൂടെ നഗരത്തില്‍ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്ക് കുപ്പികളും കൃത്യമായി തരംതിരിച്ച് ശരിയായ സംസ്‌കരണത്തിന് വിധേയമാക്കുന്നു. ദിവസങ്ങള്‍ കൊണ്ട് നിറയുന്ന ഓരോ ബൂത്തുകളിലും 375 മുതല്‍ 400 എണ്ണം വരെ കുപ്പികള്‍ ലഭിക്കും. ശരാശരി 6.75 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ഓരോ ആഴ്ച്ചകളിലും സംഭരിക്കും. 100 ബിന്നുകളില്‍ നിന്നായി ലഭിക്കുന്ന പ്ലാസ്റ്റിക് കിലോഗ്രാമിന് 18 രൂപ നിരക്കില്‍ വില്‍പ്പന സാധ്യമാക്കി ഹരിത കര്‍മ്മ സേന കൂടുതല്‍ വരുമാനം നേടുകയാണ്. നഗരസഭ രൂപീകരിച്ച് കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മികച്ച മാതൃകകള്‍ സൃഷ്ടിച്ച് അംഗീകാരം നേടുകയാണ് വടക്കാഞ്ചേരി നഗരസഭ. മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ രീതി പിന്തുടര്‍ന്ന് മാലിന്യ സംസ്‌കരണ മാതൃകകള്‍ സൃഷ്ടിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. മാലിന്യം നിക്ഷേപിക്കാന്‍ പലതരത്തിലുള്ള ബിന്നുകള്‍ ഉണ്ടെങ്കിലും കുപ്പിയുടെ ആകൃതിയിലുള്ള കുപ്പികള്‍ക്ക് വേണ്ടി മാത്രമായുള്ള കുപ്പി ഭണ്ഡാരം വലിയ സ്വീകാര്യത നേടുകയാണ്.

date