Skip to main content
കടങ്ങോട് 29 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനം

കടങ്ങോട് 29 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനം

മന്ത്രി കെ. രാധാകൃഷ്ണന്‍ താക്കോല്‍ കൈമാറി

കടങ്ങോട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് പദ്ധതി പ്രകാരം നിര്‍മ്മിച്ച 29 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റവും വനിത ജിം ഉദ്ഘാടനവും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക വിഭാഗം ദേവസ്വം പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വികസനവും ക്ഷേമ പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ അതിദരിദ്രരില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറുകയാണെന്നും ദാരിദ്ര്യം വര്‍ദ്ധിക്കുന്ന രാജ്യത്താണ് ദാരിദ്ര്യം എങ്ങനെ കുറയ്ക്കണമെന്ന മാതൃക കേരളം കാഴ്ചവെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. വനിതാ ജിം സ്ത്രീകള്‍ക്ക് അനിവാര്യമാണെന്നും നാടിന്റെ അഭിമാനമായി കുടുംബശ്രീ യൂണിറ്റുകള്‍ മാറിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ വഴി 22 എസ്.സി കുടുംബങ്ങള്‍ക്കും ഏഴ് ജനറല്‍ കുടുംബങ്ങള്‍ക്കുമാണ് സ്വപ്ന ഭവനമൊരുങ്ങിയത്. കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ സ്വന്തമായി ഭൂമിയുള്ള എസ്.സി വിഭാഗത്തില്‍ 113 കുടുംബങ്ങളാണ് ലൈഫ് പദ്ധതിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതില്‍ 72 കുടുംബങ്ങളുടെ എഗ്രിമെന്റ് നടപടി പൂര്‍ത്തീകരിച്ചു. ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട 213 പേരില്‍ 48 കുടുംബങ്ങള്‍ എഗ്രിമെന്റ് നടപടി പൂര്‍ത്തികരിച്ചു. പഞ്ചായത്തിലെ ലൈഫ് പദ്ധതിയിലുള്‍പ്പെട്ട 50 വീടുകള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ലൈഫ് പദ്ധതിയിലൂടെ ഭവന-ഭൂരഹിതരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് പ്രാവര്‍ത്തികമാകുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് വനിത ജിം ഒരുക്കിയത്.

വെള്ളറക്കാട് മുക്രിയകത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എ.സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ മണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. പുരുഷോത്തമന്‍, സ്ഥിരം സമിതി അധ്യക്ഷരായ രമണി രാജന്‍, ടി.പി ലോറന്‍സ്, സെക്രട്ടറി കെ. മായാദേവി, പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date