Skip to main content
വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ്  സോണിയ മുരുകേശൻ  ഹരിത സ്ഥാപന പ്രഖ്യാപന  സാക്ഷ്യപത്രം കൈമാറുന്നു.

ഹരിത സ്ഥാപന പ്രഖ്യാപനം നടത്തി വടവുകോട്- പുത്തന്‍ കുരിശ് ഗ്രാമപഞ്ചായത്ത്

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിത പെരുമാറ്റചട്ട പാലനം ഉറപ്പാക്കിയ വടവുകോട്- പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ വിവിധ ഓഫീസുകള്‍ ഹരിത സ്ഥാപന പദവി കരസ്ഥമാക്കി. ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട  പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പരിശോധനാ ഫോറം അടിസ്ഥാനമാക്കിയാണ് പഞ്ചായത്തിന്  ഹരിത സ്ഥാപന പദവി നല്‍കിയത്.

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ശുചിത്വമാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊര്‍ജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളില്‍ നടത്തിയ കാര്യക്ഷമവും മാതൃകാപരവുമായി  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഗ്രേഡിംഗ് നടത്തിയത്. അതില്‍ എ പ്ലസ്, എ ഗ്രേഡ് എന്നിവ നേടിയ  സ്ഥാപനങ്ങളെ ഹരിത സ്ഥാപനമായി പ്രഖ്യാപിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍ സാക്ഷ്യപത്രം കൈമാറി.

ഗ്രാമപഞ്ചായത്ത് ഓഫീസിനു പുറമെ കുറ്റ ഗവ ജെ ബി സ്‌കൂള്‍, മിനി സിവില്‍ സ്റ്റേഷന്‍, കൃഷി ഭവന്‍, ഗവ ഹോമിയോ ആശുപത്രി എന്നീ സ്ഥാപനങ്ങള്‍ക്ക് എ പ്ലസ് ഗ്രേഡും മൃഗാശുപത്രി, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, ആയുര്‍വേദ ആശുപത്രി , പുറ്റുമാനൂര്‍ ഗവ.യു പി സ്‌കൂള്‍  എന്നീ സ്ഥാപനങ്ങള്‍ക്ക് എ ഗ്രേഡും ലഭിച്ചു.

യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ കെ അശോക് കുമാര്‍  അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍  എ എ സുരേഷ് വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുബിമോള്‍ ,ബെന്നി പുത്തന്‍ വീടന്‍, എല്‍സി പൗലോസ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സി പി പ്രേമലത, സെക്രട്ടറി  ജി ജിനേഷ്, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍  ടി എസ് ദീപു, കുടുംബശ്രീ ബ്ലോക്ക് കോ-ഓഡിനേറ്റര്‍ ബിബിന്‍ ഗോപി എന്നിവര്‍ പങ്കെടുത്തു

date