Skip to main content
ലോക്സഭാ തിരഞ്ഞെടുപ്പ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പ് :മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി

 

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ഓഫീസിന്റെയും ഇലക്ഷന്‍ മീഡിയ സെല്ലിന്റെയും ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ നിര്‍വഹിച്ചു. ഇലക്ട്രോണിക്-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പണമോ പാരിതോഷികമോ സ്വീകരിച്ച് നല്‍കുന്ന വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിനുമായുള്ള സംവിധാനമാണിത്. ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, സാമൂഹിക മാധ്യമ വിദഗ്ധ ഐ.ടി മിഷന്‍ എച്ച്.എസ്.ഇ ആശ പി ബേബി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ദാസ് പാറപ്പുറത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

സിവില്‍ സ്റ്റേഷന്‍ ഒന്നാം നിലയിലെ 94-ാം നമ്പര്‍ മുറിയിലാണ് എം.സി.എം.സി സജ്ജമാക്കിയിട്ടുള്ളത്. മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരും ജേര്‍ണലിസം വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിക്കുക. സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.സി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, എം.സി.എം.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എം.സി.എം.സി പ്രവര്‍ത്തനം

പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍, മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള പരസ്യ പ്രസിദ്ധീകരണം, സംപ്രേഷണം എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കുക, ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുക, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക, പോസ്റ്റര്‍, ഹാന്‍ഡ്ബില്‍സ് തുടങ്ങിയവയില്‍ പബ്ലിഷറുടെയും പ്രിന്ററുടെയും പേരും മേല്‍വിലാസവും രേഖപ്പെടുത്തിയെന്ന് പരിശോധിക്കുക തുടങ്ങിയവയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ ചുമതലകള്‍. പത്രങ്ങള്‍, ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ,  സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്/ വോയിസ് മെസേജസ്, തീയറ്ററുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമ സങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദര്‍ശനം, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകള്‍, സാമൂഹിക മാധ്യങ്ങള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം.

ഇതര രാജ്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനം, ഏതെങ്കിലും മതം, സമുദായം എന്നിവയ്‌ക്കെതിരെയുള്ള ആക്രമണം, അപകീര്‍ത്തികരവും അശ്ലീലവുമായ പരാമര്‍ശം, അക്രമം പ്രോത്സാഹിപ്പിക്കല്‍, കോടതിയലക്ഷ്യം, പ്രസിഡന്റ്, ജുഡീഷ്യറി എന്നിവയുടെ വിശ്വാസ്യതയെ പരാമർശിക്കല്‍, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, എന്നിവയ്ക്കെതിരെയുള്ളതും, ഏതെങ്കിലും വ്യക്തിയെ പേരു പറഞ്ഞു വിമര്‍ശിക്കുന്ന പരസ്യങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല. ആരാധനാലയങ്ങളുടെ ചിത്രങ്ങള്‍, അടയാളങ്ങള്‍, പ്രതീകങ്ങള്‍ എന്നിവ സമൂഹമാധ്യമ പോസ്റ്റുകളിലും പ്രചാരണ ഗാനങ്ങളിലും ഉള്‍പ്പെടുത്തരുത്. പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഫോട്ടോ, ഏതെങ്കിലും നേതാവിന്റെയോ പ്രവര്‍ത്തകരുടെയോ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന വിവരങ്ങള്‍, സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ തുടങ്ങിയവയും ഉപയോഗിക്കരുത്.  

അപേക്ഷ നിശ്ചിത ഫോമില്‍

അംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും പ്രതിനിധികളും പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും നിശ്ചിത ഫോമില്‍  എം.സി.എം.സി സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടികളോ വ്യക്തികളോ ആണെങ്കില്‍ ഏഴു ദിവസം മുന്‍പ് അപേക്ഷ നല്‍കണം.  പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ആയശ കുറിപ്പും (ട്രാന്‍സ്‌ക്രിപ്റ്റും) സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കണം. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്ക്/ ഡിമാന്റ് ഡ്രാഫ്റ്റ് ആയേ നല്‍കൂവെന്ന പ്രസ്താവനയും അനുബന്ധമായി ഉള്‍പ്പെടുത്തണം.

ടിവി /കേബിള്‍ ടിവി ചാനലുകളിലെ പരസ്യങ്ങള്‍ക്കും, ബള്‍ക്ക് എസ്.എം.എസുകള്‍ക്കും വോയിസ് മെസേജുകള്‍ക്കും (വലിയ സംഖ്യ ഹ്രസ്വ സന്ദേശങ്ങൾക്കും, ശബ്ദ സന്ദേശങ്ങൾക്കും) നിയമം ബാധകമായിരിക്കും. സാമൂഹിക മാധ്യമം, ഇ-പേപ്പറുകള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കും പ്രീ-സര്‍ട്ടിഫിക്കേഷന്‍ നേടിയിരിക്കണം.

date