Skip to main content

കര്‍ശന പരിശോധനയ്ക്കായി സ്റ്റാറ്റിക് സര്‍വൈലന്‍സ് - ജില്ലാ കലക്ടര്‍

 

സ്വതന്ത്രവും നീതിപൂര്‍വകവുമായി തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ജില്ലയിലെ നിയമസഭാമണ്ഡലങ്ങളിലെല്ലാം കര്‍ശന പരിശോധനയ്ക്കായി സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.  

സ്ഥാനാര്‍ത്ഥികളുടെ പ്രചാരണചെലവുകളുടെ മാനദണ്ഡപാലനം, സാമ്പത്തികം ഉള്‍പ്പടെ അനധികൃത ഇടപാടുകള്‍, അനധികൃത ആയുധശേഖരണം, മദ്യവിതരണം, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവ സര്‍വൈലന്‍സ് ടീം നിരീക്ഷിക്കും. ആലപ്പുഴ, മാവേലിക്കര, കൊല്ലം എന്നിവിടങ്ങളിലെ 11 നിയമസഭാ മണ്ഡലങ്ങളിലുമായാണ് പ്രവര്‍ത്തനം. പ്രതിദിന പ്രവര്‍ത്തന റിപ്പോര്‍ട്ട് സംഘം സമര്‍പ്പിക്കും.

ഓരോ നിയമസഭാ മണ്ഡലത്തിലും/മേഖലയിലും ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും നാലുവരെ പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന മൂന്നോ അതിലധികമോ ടീമുകള്‍ ചെക്ക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തും. ഇവ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ വീഡിയോയില്‍ പകര്‍ത്തും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിദിന പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പ്രശ്‌നബാധിതമേഖലകളില്‍ തിരഞ്ഞെടുപ്പിന് 72 മണിക്കൂര്‍ മുമ്പ്‌വരെ പ്രവര്‍ത്തനം നടത്തും. 50,000 രൂപയോ അതില്‍കൂടുതലോ അല്ലെങ്കില്‍ മറ്റ് സമ്മാനങ്ങള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ 10000 രൂപയില്‍ കൂടുതല്‍ വിലമതിക്കുന്നതാണെങ്കില്‍ പിടിച്ചെടുക്കും.  

പരിശോധനയ്ക്കിടെ ക്രിമിനല്‍പ്രവര്‍ത്തനത്തെക്കുറിച്ച് സംശയംതോന്നിയാല്‍ നടപടി സ്വീകരിക്കും. വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിലാകും വനിതകളെ പരിശോധിക്കുക. പൊതുജനങ്ങള്‍ക്ക് സംഘത്തെ സംബന്ധിച്ച പരാതികള്‍ ഡെപ്യൂട്ടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അല്ലെങ്കില്‍ ഫിനാന്‍സ് ഓഫീസര്‍, കലക്ടറേറ്റ് വിലാസത്തില്‍ സമര്‍പ്പിക്കാം.

പിടിച്ചെടുക്കുന്ന തുക കോടതി നിര്‍ദ്ദേശപ്രകാരം നിക്ഷേപിക്കും. 10 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ആദായ നികുതി അതോറിറ്റിക്ക് കൈമാറും. സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട നിയമ നിര്‍വ്വഹണ ഏജന്‍സികളെ അറിയിക്കും.

സംസ്ഥാന/ജില്ലാ അതിര്‍ത്തികളിലെയും മറ്റിടങ്ങളിലെയും ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്തും. താരപ്രചാരകര്‍ക്ക് സ്വകാര്യആവശ്യങ്ങള്‍ക്കായി ഒരു ലക്ഷം രൂപ വരെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ട്രഷററുടെ തുകരേഖപ്പെടുത്തിയ സാക്ഷ്യപത്രം സഹിതവുമാണ് അനുവദനീയം. രേഖകളുടെ പകര്‍പ്പ് പരിശോധകര്‍ക്ക് നല്‍കണം. 10 ലക്ഷം രൂപയില്‍ അധികം പണം സംശയരഹിതമായികണ്ടെത്തിയാല്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റിനെ വിവരം അറിയിക്കും എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

date