Skip to main content

സീപോർട്ട് - എയർപോർട്ട് റോഡ്: എച്ച്. എം. ടി ഭൂമിയുടെ തുക കെട്ടിവെക്കാൻ സുപ്രീം കോടതി അനുമതി

 

സീപോർട്ട്- എയർപോർട്ട് നിർമ്മാണത്തിനായി ആവശ്യമുള്ള എച്ച്. എം.ടി ഭൂമി നിശ്ചിത തുക കെട്ടിവെച്ച് ആർ. ബി.ഡി.സി.കെക്ക് വിട്ടുനൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇതോടെ റോഡ് നിർമ്മാണത്തിനുള്ള അവസാന കടമ്പയും നീങ്ങി. റോഡ് വികസനത്തിന് ആവശ്യമായ എച്ച്.എം.ടി ഭൂമി ലഭ്യമാക്കുന്നതിന് 16.34 കോടി രൂപ ദേശസാൽകൃത ബാങ്കിൽ കെട്ടിവെക്കുന്നതിന് സുപ്രീം കോടതി അനുമതി തേടാൻ മന്ത്രിമാരായ പി.രാജീവ്, കെ. രാജൻ, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ രണ്ടാഴ്ച മുൻപ് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. 

 

എച്ച്. എം.ടി യിൽ നിന്ന് റോഡ് നിർമ്മാണത്തിനായി 1.632 ഹെക്ടർ സ്ഥലമാണ് വിട്ടുകിട്ടേണ്ടത്. ഈ ഭൂമി സംസ്ഥാനസർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ എച്ച്.എം.ടി സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് ഇടക്കാല ഉത്തരവ്. 2014 ലെ അടിസ്ഥാന വിലനിർണയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള തുകയാണ് കെട്ടിവെക്കേണ്ടത്. 2024 ലെ വിലയടിസ്ഥാനമാക്കി തുക നിശ്ചയിക്കണമെന്ന എച്ച്.എം.ടിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി രജിസ്ട്രാറുടെ പേരിലാണ് തുക കെട്ടിവെക്കേണ്ടത്.

date