Skip to main content

ലോകസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്നുമുതല്‍ (മാര്‍ച്ച് 28)

സമയം രാവിലെ 11 മുതല്‍ മൂന്നു വരെ

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക ഇന്നു (മാര്‍ച്ച് 28) മുതല്‍ ഏപ്രില്‍ നാല് വരെ സ്വീകരിക്കുമെന്ന് തൃശൂര്‍ ലോകസഭാ മണ്ഡലം വരണാധികാരിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് എന്നീ ദിവസങ്ങള്‍ ഒഴികെ പത്രിക നല്‍കാം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിക്കോ പ്രത്യേക ചുമതല നല്‍കിയിട്ടുള്ള സഹവരണാധികാരിയായ തൃശൂര്‍ സബ് കലക്ടര്‍ക്കോ സമര്‍പ്പിക്കാം. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാല് സെറ്റ് പത്രികകള്‍ വരെ നല്‍കാം. നാമനിര്‍ദേശ പത്രികയും അനുബന്ധഫോമുകളും വരണാധികാരിയുടെ ഓഫീസില്‍ ലഭിക്കും. 

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമെ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. സ്ഥാനാര്‍ഥികളുടെ വാഹനങ്ങളില്‍ പരമാവധി മൂന്നെണ്ണത്തിന് മാത്രമേ വരണാധികാരിയുടെ ഓഫീസിന് 100 മീറ്റര്‍ പരിധിയില്‍ പ്രവേശനമുള്ളൂ.  

പൊതു വിഭാഗത്തിന് 25000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12500 രൂപയുമാണ് സ്ഥാനാര്‍ഥികള്‍ കെട്ടിവയ്ക്കേണ്ട തുക. ഈ ഇളവിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. 

പത്രിക സമര്‍പ്പിക്കുന്ന ദിവസത്തിന് മുമ്പായി തിരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥാനാര്‍ഥികള്‍ പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണം. ഇതിലൂടെ മാത്രമേ ഇലക്ഷന്‍ ചെലവ് നടത്താവൂ. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് ലഭ്യമാക്കണം. പത്രികകളുടെ സൂക്ഷ്്മ പരിശോധന ഏപ്രില്‍ അഞ്ചും പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടുമാണ്. 

ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ വരണാധികാരിയുടെ ഓഫീസ് പരിസരത്ത് വിന്യസിക്കും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

date