Skip to main content

ഒരു വര്‍ഷത്തിനുളളില്‍ ഇരുനൂറു ചകിരിമില്ലുകള്‍  സ്ഥാപിക്കും : മില്ലുകള്‍ക്ക്‌ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ -  മന്ത്രി ഡോ. ടി എം തോമസ്‌ ഐസക്ക്‌

ഒരു വര്‍ഷത്തിനുളളില്‍ ഇരുനൂറു ചകിരിമില്ലുകള്‍ സ്ഥാപിക്കുമെന്ന്‌ കയര്‍ വകുപ്പു മന്ത്രി ഡോ. ടി എം തോമസ്‌ ഐസ്‌ക്ക്‌ പറഞ്ഞു. മില്ലുകള്‍ക്ക്‌ ഇന്‍ഷൂറന്‍സ്‌ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കൊടുങ്ങലൂര്‍ മേത്തല കമ്മ്യൂണിറ്റി ഹാളില്‍ തൃശൂര്‍ ജില്ലയിലെ പത്താമത്‌ ചകിരി മില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഇരുപത്തി അഞ്ചാമത്തെ ചകിരിമില്ലാണിത്‌. അടുത്ത വര്‍ഷം ഇരുനൂറു മില്ലുകള്‍ കൂടെ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്കും മെഷിനറികള്‍ക്കും ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ഏര്‍പ്പെടുത്തും. അപകടമരണം രണ്ടു ലക്ഷം രൂപ. അംഗഭംഗം ഒരു ലക്ഷം രൂപ, ആരോഗ്യ പരിരക്ഷ ഒരു ലക്ഷം രൂപ, മെഷിനറികള്‍ ഇരുപത്തി ഒന്ന്‌ ലക്ഷം രൂപ എന്നിങ്ങനെയാണ്‌ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ഏര്‍പ്പെടുത്തുക. പ്രളയത്തില്‍ തൃശൂര്‍ ജില്ലയില്‍ ഏട്ട്‌ മില്ലുകള്‍ പൂര്‍ണ്ണമായും നശിച്ച പശ്ചാത്തലത്തിലാണിത്‌. മന്ത്രി അറിയിച്ചു. കയര്‍മേഖലയില്‍ ഒരു പുതിയ തുടക്കമാണിതെന്നും കയറിന്റെ ഗുണമേന്മ ഉറപ്പു വരുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കയര്‍ വ്യവസായത്തെ രക്ഷിക്കണമെന്ന വാശിയിലാണ്‌ സര്‍ക്കാരും കയര്‍ വകുപ്പും ഉദ്യോഗസ്ഥരും. കയര്‍ തൊഴിലാളികള്‍ക്ക്‌ കൂടി ആ വാശി ഉണ്ടാവേണ്ടതുണ്ട്‌. മന്ത്രി ഡോ. ടി എം തോമസ്‌ ഐസ്‌ക്ക്‌ അഭിപ്രായപ്പെട്ടു. അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ഇ ടി ടൈസണ്‍മാസ്റ്റര്‍ എം എല്‍ എ മുഖ്യാതിഥിയായി. കയര്‍ തൊഴിലാളികള്‍ക്കുളള ഗ്രാറ്റിവിറ്റി വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഇലക്‌ട്രോണിക്‌ റാട്ട്‌ വിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ നിര്‍വഹിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ ധനസഹായവിതരണം ചെയ്‌തു. കയര്‍ വികസന വകുപ്പു അഡീഷണല്‍ ഡയറക്‌ടര്‍ രമേഷ്‌ ഭാസ്‌ക്കര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കയര്‍ ഫെഡ്‌ ചെയര്‍മാന്‍ എന്‍ സായ്‌കുമാര്‍, കെ എസ്‌ സി എം എം സി ചെയര്‍മാന്‍ കെ പ്രസാദ്‌, ഫോം മില്‍ ചെയര്‍മാന്‍ കെ ആര്‍ ഭഗീരഥന്‍, കയര്‍ ഫെഡ്‌ എം.ഡി സി സുരേഷ്‌ കുമാര്‍, കയര്‍ കോര്‍പ്പറേഷന്‍ എം ഡി ജി ശ്രീകുമാര്‍, കെ എസ്‌ സി എം എം സി എം.ഡി പി വി ശശീന്ദ്രന്‍, ഫോമില്‍ എം ഡി ഡോ. എസ്‌ രത്‌നകുമാര്‍, മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ സി കെ രാമനാഥന്‍ സ്വാഗതവും തൃശൂര്‍ പ്രോജക്‌ട്‌ ഓഫീസര്‍ കയര്‍ സി ആര്‍ സോജന്‍ നന്ദിയും പറഞ്ഞു.

date