Skip to main content

എറണാകുളം മണ്ഡലം: വോട്ടെണ്ണൽ കേന്ദ്രവും വിതരണ കേന്ദ്രങ്ങളും പൊതു നിരീക്ഷക സന്ദർശിച്ചു

 

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കളമശേരി കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ  പൊതുനിരീക്ഷകയായ ശീതൾ ബാസവ രാജ് തേലി ഉഗലെ സന്ദർശനം നടത്തി സജ്ജീകരണങ്ങൾ വിലയിരുത്തി. പോളിംഗിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള എല്ലാ സ്ട്രോങ്ങ് റൂം സംവിധാനവും നിരീക്ഷകയുടെ  നേതൃത്വത്തിൽ പരിശോധിച്ചു. 

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളായ കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നിവിടങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളാണ് കുസാറ്റിൽ സൂക്ഷിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിന്റെയും സ്ട്രോങ്ങ് റൂമിലെയും അടിസ്ഥാന സുരക്ഷാ സൗകര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിശകലനം ചെയ്തു. 

പോസ്റ്റൽ ബാലറ്റ് വാേട്ടുകൾ എണ്ണുന്നതിന് കുസാറ്റിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും പരിശോധിച്ചു.

മണ്ഡല അടിസ്ഥാനത്തിൽ വോട്ടെണ്ണൽ കേന്ദ്രം തിരിക്കുന്നതിന്  ബാരിക്കേഡുകൾ സ്ഥാപിക്കൽ, കേന്ദ്രത്തിൽ ആവശ്യമായ ഫാൻ,  കൂളർ, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് പൊതുനിരീക്ഷക ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായ  ടി.ഡി ഹൈസ്കൂൾ മട്ടാഞ്ചേരി (കൊച്ചി മണ്ഡലം), കൊച്ചിന്‍ കോളേജ് (വൈപ്പിൻ മണ്ഡലം), എസ്.എന്‍ എച്ച്.എസ്.എസ് നോർത്ത് പറവൂർ (കളമശ്ശേരി മണ്ഡലം), ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ നോർത്ത് പറവൂർ  (പറവൂർ മണ്ഡലം), എറണാകുളം ഗേൾസ് ഹൈസ്കൂൾ (തൃക്കാക്കര മണ്ഡലം), എസ് ആർ വി സ്കൂൾ (എറണാകുളം മണ്ഡലം), മഹാരാജാസ് കോളേജ് (തൃപ്പൂണിത്തുറ മണ്ഡലം) എന്നിവിടങ്ങളിലും ഒരുക്കങ്ങൾ വിലയിരുത്തി.

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജെ മോബി, കുസാറ്റ് എൻജിനീയറിങ് വിഭാഗം പ്രിൻസിപ്പൽ ശോഭ സൈറസ്,  ഇലക്ഷൻ ഹെഡ് ക്ലർക്ക് അബ്ദുൽ ജബ്ബാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും നിരീക്ഷകയോടൊപ്പം ഉണ്ടായിരുന്നു.

date