Skip to main content

ചാലക്കുടി മണ്ഡലം: വോട്ടെണ്ണൽ കേന്ദ്രം പൊതു നിരീക്ഷകൻ സന്ദർശിച്ചു

 

ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ  ആലുവ യുസി കോളേജിൽ പൊതു നിരീക്ഷകൻ റിതേന്ദ്ര നാരായൺ ബസു റോയ് ചൗധരി സന്ദർശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി. പോളിംഗിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള എല്ലാ സ്ട്രോങ്ങ് റൂം സംവിധാനവും പരിശോധിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന്റെയും സ്ട്രോങ്ങ് റൂമുകളിലെയും സുരക്ഷാ സംവിധാനങ്ങൾ ഉദ്യോഗസ്ഥരുമായി വിശകലനം ചെയ്തു. 

ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളായ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ, പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് 
എന്നിവിടങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളാണ് യുസി കോളേജിൽ സൂക്ഷിക്കുന്നത്. വോട്ടെണ്ണൽ  കേന്ദ്രത്തിലേക്ക് ആവശ്യമായ കുടിവെള്ളം, ശുചിമുറികൾ തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് പൊതുനിരീക്ഷക ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും  ജില്ലാ കളക്ടറുമായ എൻ എസ് കെ ഉമേഷ്, ചാലക്കുടി മണ്ഡലം വരണാധികാരിയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ ആശാ സി എബ്രഹാം,  ആലുവ റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും നിരീക്ഷകയോടൊപ്പം ഉണ്ടായിരുന്നു.

date